നായയേയും കുഞ്ഞുങ്ങളേയും രക്ഷപ്പെടുത്തുന്നു
കൊട്ടാരക്കര:പൂര്‍ണഗര്‍ഭിണിയായ തെരുവുനായ അര്‍ധരാത്രിയില്‍ മുപ്പത്തഞ്ചടി താഴ്ചയുള്ള പൊട്ടക്കിണറ്റിലേക്കുവീണു, നിമിഷങ്ങള്‍ക്കകം പ്രസവിച്ചത് ആറ് കുഞ്ഞുങ്ങളെ. നായയെയും കുഞ്ഞുങ്ങളെയും സുരക്ഷിതമായി പുറത്തെടുക്കാന്‍ അഗ്നിരക്ഷാസേനയും നാട്ടുകാരും കൈകോര്‍ത്തു. തെരുവുനായ ആക്രമണത്തിന്റെ വാര്ത്തകള്മാത്രം നിറയുന്ന നാട്ടില്‍ കൗതുകമായി കിണറ്റിലെ നായപ്രസവവും രക്ഷാപ്രവര്‍ത്തനവും.
നീലേശ്വരം അമ്മുമ്മമുക്ക് തിരുവോണത്തില്‍ ജി.ശശിധരന് പിള്ളയുടെ വീട്ടുപറമ്പിലായിരുന്നു സംഭവം. കുഴിച്ചിട്ടും കുഴിച്ചിട്ടും വെള്ളം കാണാത്തതിനാല്‍ ഉപേക്ഷിച്ച കിണറ്റിലാണ് അര്‍ധരാത്രി നായ അകപ്പെട്ടത്. കുരകേട്ടുണര്ന്ന വീട്ടുകാരാണ് കിണറ്റില്‍ അകപ്പെട്ട നായയെ കാണുന്നത്. കുറച്ചുനേരത്തിനുള്ളില്‍ നായ പ്രസവിക്കുകയും ചെയ്തു.
പുലര്‍ച്ചെയോടെ സമീപവാസികള്‍ വിവരമറിഞ്ഞെത്തിയെങ്കിലും വൈകീട്ട് നഗരസഭാധ്യക്ഷന്‍ എ.ഷാജുവും വാര്‍ഡ് കൗണ്‍സിലര്‍ കണ്ണാട്ട് രവിയും എത്തിയതോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. പിന്നെ കണ്ടത് സാഹസിക രക്ഷാപ്രവര്ത്തനക്കാഴ്ചകള്. പാഞ്ഞെത്തിയ അഗ്നിരക്ഷാസേന കിണറ്റിലേക്ക് വലയിറക്കി അമ്മ നായയെ പുറത്തെടുത്തു.
പിന്നെ വലിയ ഏണി കിണറ്റിലേക്കിറക്കി സേനാംഗം ഇറങ്ങി. ചാക്കിനുള്ളില്‍ ആറ് കുഞ്ഞുങ്ങളെയും പുറത്തെത്തിച്ചു.
വാലാട്ടിയും അമര്‍ത്തി മൂളിയും സ്നേഹപ്രകടനവുമായി അമ്മ ഓടിയെത്തി. ക്ഷീണമകറ്റാന്‍ വീട്ടുകാര്‍ നല്കിയ പാല് ആര്‍ത്തിയോടെ നക്കിക്കുടിച്ചു. പിന്നെ ആറ് കുഞ്ഞുങ്ങളെയും ചേര്‍ത്തുകിടത്തി പാല് നല്കി. ഭൂഗര്‍ഭത്തില്‍ പിറന്നുവീണ രണ്ടു കറുപ്പും നാലും വെളുപ്പും നിറമുള്ള കുഞ്ഞുങ്ങള്‍ അപ്പോഴും കണ്ണ് തുറന്നിരുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..