തിരുവനന്തപുരം: വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കവേ നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായ തൊണ്ണൂറുകാരന്‍ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വര്‍ക്കല സ്വദേശി മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനാണ് മരിച്ചത്.

ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് രാഘവനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന വൃദ്ധനെ ആറു നായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചതായാണ് വിവരം. അയല്‍വാസിയായ സ്ത്രീയാണ് സംഭവം കണ്ടത്.

Ragavanസര്‍ജിക്കല്‍ ഐസിയുവില്‍ വെന്റിലേറ്ററിലായിരുന്ന രാഘവന്‍ ഉച്ചയ്ക്ക് 2.55 ഓടെയാണ് മരിച്ചത്. നായ്ക്കൂട്ടം കടിച്ചുകീറിയ രാഘവന്റെ മുഖം, തല, കാല് തുടങ്ങിയ ഭാഗത്തെല്ലാം ആഴത്തില്‍ മുറിവേറ്റിരുന്നു.

വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നിന്നാണ് രാഘവനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. പേവിഷബാധയ്ക്കെതിരേയുള്ള കുത്തിവയ്പ്പുകള്‍ എടുത്ത ശേഷം അത്യാഹിത വിഭാഗത്തില്‍ അടിയന്തിര ചികിത്സ നല്‍കി. അതിനുശേഷവും നില കൂടുതല്‍ വഷളായതിനെത്തുടര്‍ന്ന് രാഘവനെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റി. 

അമിതമായി രക്തം നഷ്ടപ്പെട്ടതിനാല്‍ ഒരു കുപ്പി രക്തം നല്‍കി. ഉച്ചയ്ക്ക് 1.20ന് ഹൃദയാഘാതം ഉണ്ടായെങ്കിലും അത് തരണം ചെയ്തു. ഉച്ചയ്ക്ക് 2.30ന് രണ്ടാമതും ഹൃദയാഘാതമുണ്ടായി. ജീവന്‍രക്ഷാ മരുന്നുകളുടെ സഹായത്തോടെ മികച്ച ചികിത്സ നല്‍കിയിരുന്നെങ്കിലും ഉച്ചയ്ക്ക് 2.55 ന് മരണമടയുകയായിരുന്നു.

മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ചെല്ലമ്മയാണ് രാഘവന്റെ ഭാര്യ. മക്കള്‍: സുഷമ, ശോഭന, മുരളി, അമ്മിണി. മുരളിയുടെ വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുമ്പോഴാണ് രാഘവനെ നായ്ക്കൂട്ടം കടിച്ചുകീറിയത്.

 

തിരുവനന്തപുരം പുല്ലുവിളയില്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് തെരുവുനായ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു.

മനുഷ്യന്‍ സൃഷ്ടിച്ച തെരുവുനായ

big2

തെരുവുനായ ഇന്ന് പലരുടെയും നോട്ടത്തിൽ കേരളത്തിലെ ഏറ്റവും ക്രൂരമൃഗമാണ്. ആളെക്കൊല്ലി. നിരത്തുകളിൽ അലഞ്ഞുനടക്കുന്ന നായ്ക്കളെക്കൊന്ന് അവയുടെ ആക്രമണത്തിന് പരിഹാരമുണ്ടാക്കാമെന്ന് വാദിക്കുന്നു ഒരുകൂട്ടർ. അതല്ല, വന്ധ്യംകരണമാണ് പോംവഴിയെന്ന് മറ്റൊരു കൂട്ടർ. തർക്കങ്ങൾക്കിടയിൽ  ആലോചനയ്ക്ക് വിധേയമാക്കാൻ മടിക്കുന്ന ഒരു കാര്യമുണ്ട്. എങ്ങനെ ഇത്രയധികം നായ്ക്കൾ തെരുവിലെത്തി? പെട്ടെന്നെങ്ങനെ അവ ഇത്രമാത്രം ആക്രമണകാരികളായി? സിസി ജേക്കബ്‌ എഴുതുന്നു

 

തെരുവിലെത്തുംവഴി കേരളത്തിൽ രണ്ടരലക്ഷം തെരുവുനായ്ക്കളുണ്ടെന്നാണ് ജസ്റ്റിസ് എസ്. സിരിജഗൻ കമ്മിറ്റി കണ്ടെത്തിയത്. ഇവയിലൊന്നുപോലും കാട്ടിൽനിന്ന്‌ വന്നവയല്ല. തെരുവുനായ്ക്കളിൽ ഏതാണ്ട് 60 ശതമാനവും ഉപേക്ഷിക്കപ്പെട്ട വളർത്തുനായ്ക്കളാണ്. എല്ലാവരും ഉന്നതകുലജാതരായ വിദേശനായ്ക്കൾക്ക് പിന്നാലെ പോയപ്പോൾ, നാടൻ നായക്ക്‌ തെരുവായി വീട്.  

നായക്ക്‌ ആറുമാസംകൊണ്ട് പ്രായപൂർത്തിയാവും. ശരാശരി 10-12 വർഷമാണ് ആയുഷ്കാലം. വർഷത്തിൽ രണ്ടുതവണ ഇവ ഇണചേരും. ഒരുതവണ പരമാവധി 12 കുഞ്ഞുങ്ങളെ പ്രസവിക്കും. അമ്മപ്പട്ടിക്ക് ആരോഗ്യം കുറവാണെങ്കിൽ കുഞ്ഞുങ്ങളുടെ എണ്ണം കുറയും.

 വളർത്തുനായക്കുണ്ടാവുന്ന കുഞ്ഞുങ്ങളിൽ നല്ലതെന്നുതോന്നുന്ന ഒന്നോ രണ്ടോ എണ്ണത്തെ എടുത്ത് ബാക്കിയുള്ളവയെ ചാക്കിലാക്കി തെരുവിൽ തള്ളുന്ന മലയാളിയാണ് തെരുവുനായശല്യത്തിന്റെ ആദ്യ ഉത്തരവാദി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി തൃശ്ശൂരിലെ എം.എൽ.എ. റോഡിൽ മാലിന്യക്കൂമ്പാരത്തിനുസമീപം 10 പട്ടിക്കുഞ്ഞുങ്ങളെയാണ് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. വർഷങ്ങളോളം വീടിന് കാവൽനിന്നതെങ്കിലും ചിരങ്ങ് പോലുള്ള രോഗം ബാധിച്ച, വയസ്സായ വളർത്തുനായ്ക്കളെയും തെരുവിൽ ഉപേക്ഷിക്കാൻ പലർക്കും മടിയില്ല. ഇങ്ങനെ ഉപേക്ഷിക്കുന്നതിൽ വിദേശയിനങ്ങൾ വരെയുണ്ട്.   

ആഹാരം സുലഭം; പാർപ്പിടവും

big1

ക്രൂരരാകുന്നവിധം 
മുമ്പ് നാം ഉത്പാദിപ്പിച്ചിരുന്ന മാംസമാലിന്യം പാകം ചെയ്തതായിരുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കൾക്ക് ആകെ കിട്ടാനുണ്ടായിരുന്നത് അതായിരുന്നു. ഇന്ന് ചോരമണക്കുന്ന പച്ചമാംസമാണ് ഏറെയും കിട്ടുന്നത്. ചോരയുടെ രുചിപിടിച്ച നായ്ക്കൾ മനുഷ്യനെയും കടിക്കുന്നു.  പ്രായംകൊണ്ടും രോഗംകൊണ്ടും ഉപേക്ഷിക്കപ്പെടുന്ന നായ്ക്കൾക്ക് സ്വയം ആഹാരം തേടിക്കഴിക്കാനുള്ള ശേഷിയും ശീലവും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഏറ്റവും അടുത്ത് ലഭ്യമായ മാംസം എന്ന നിലയ്ക്ക് അവ മനുഷ്യനെ ആക്രമിക്കാനുള്ള സാധ്യത കൂടുന്നു.  പറ്റമായി നടക്കുമ്പോഴാണ് നായ്ക്കൾ കൂടുതൽ അപകടകാരികളാവുന്നത്. മുമ്പ് അനധികൃതമായാണെങ്കിലും ഒരു പ്രത്യേകസ്ഥലത്തേ ആളുകൾ മാലിന്യം തള്ളിയിരുന്നുള്ളൂ. അവയ്ക്കുചുറ്റുമേ നായ്ക്കൾ ഉണ്ടായിരുന്നുള്ളൂ. ഇത്തരം   സ്ഥലങ്ങളാകട്ടെ ജനവാസകേന്ദ്രത്തിൽനിന്ന് അകലെയുമായിരുന്നു. ഇന്ന് സ്ഥിതിമാറി. ഓരോ പൊതുവഴിയും മാലിന്യനിക്ഷേപകേന്ദ്രങ്ങളായി. അവയെ ഉപജീവിച്ച് ഒരു കൂട്ടം നായ്ക്കളും അവിടയുണ്ടാവുമെന്ന സ്ഥിതിയായി. 

മുമ്പൊക്കെ ആവശ്യത്തിന് ആഹാരംകിട്ടാതെ അലഞ്ഞും പട്ടിണികിടന്നും ഇവയിൽ പലതും ചത്തിരുന്നു. ഇന്ന് അതല്ല സ്ഥിതി. ആഹാരത്തിന്‌ മുട്ടില്ല; പാർപ്പിടത്തിനും. ഇവ രണ്ടുമാണ് നായക്ക്‌ വളരാൻ ആകെവേണ്ട അടിസ്ഥാനസൗകര്യങ്ങൾ. 

മലയാളിയുടെ ഭക്ഷണശീലങ്ങളിൽവന്ന മാറ്റം നായക്ക്‌ അനുകൂലഘടകമായി. വല്ലപ്പോഴും മാംസാഹാരം കഴിച്ചിരുന്ന മലയാളി അതു പതിവാക്കി. അറവുശാലകൾ കൂടി. അവയിലെ മാലിന്യം കൈകാര്യംചെയ്യാൻ ഇവിടെ ഫലപ്രദമായ വഴികളില്ല. മാലിന്യം നേരേയെത്തുന്നത് തെരുവിലാണ്. 

ഒരു ടൺ കോഴിയിറച്ചിക്കൊപ്പം ഉത്പാദിപ്പിക്കപ്പെടുന്നത് 360 കിലോ അവശിഷ്ടമാണ്. ചോരകലർന്ന ഈ മാംസാവശിഷ്ടങ്ങൾ മഹാഭൂരിപക്ഷവും ഇരുളിന്റെ മറവിലും അല്ലാതെയും തെരുവിലുപേക്ഷിക്കുന്നു. ഉറവിടമാലിന്യസംസ്കരണം ഇനിയും ശീലിച്ചിട്ടില്ലാത്തവർ വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളും വഴിയിൽ തള്ളുന്നു. തെരുവുനായ്ക്കൾക്ക് ആവശ്യത്തിന് ആഹാരം കിട്ടുന്നു. പണിനടക്കുന്നതും  പാതിപണിതതും ആളില്ലാത്തതുമായ കെട്ടിടങ്ങൾ അവയ്ക്ക് പാർപ്പിടമാകുന്നു. ഈ അനുകൂലസാഹച്യങ്ങളിൽ അവ പെറ്റുപെരുകുന്നു.

 

കടിക്കുന്ന വളർത്തുനായ്ക്കൾ കേരളത്തിലെ നായകടിയുടെ കണക്കെടുത്താൽ കടിയേൽക്കുന്നതേറെയും വളർത്തുനായ്ക്കളിൽനിന്നാണെന്നു കാണാം. എറണാകുളം ജനറൽ ആസ്പത്രിയിൽ കഴിഞ്ഞകൊല്ലം നായകടിക്ക് ചികിത്സതേടിയെത്തിയവരുടെ കണക്കെടുത്തപ്പോൾ കണ്ടത് 76 ശതമാനത്തിനും കടിയേറ്റത് വളർത്തുനായ്ക്കളിൽനിന്നാണെന്നാണ്. 15-18 ശതമാനത്തിനാണ് തെരുവുനായയുടെ കടിയേറ്റത്. ബാക്കി പൂച്ച, അണ്ണാൻ തുടങ്ങിയ മറ്റുജീവികളിൽനിന്നുള്ള കടികളായിരുന്നു. കടിയേറ്റവരും മരിച്ചവരും 2013     കടിയേറ്റവർ     62,280    മരിച്ചവർ    11 2014    കടി​േയറ്റവർ     1,19,191    മരിച്ചവർ     10 2015    കടിയേറ്റവർ     1,22,286    മരിച്ചവർ     10 2016     കടിയേറ്റവർ     31,334    മരിച്ചവർ     4 മെയ്‌വരെ (അവലംബം ജസ്റ്റിസ്‌ സിരിജഗൻ കമ്മിറ്റി റിപ്പോർട്ട്‌)  

നായ്ക്കളെ കൊല്ലുംമുമ്പ്

മനുഷ്യൻ സൃഷ്ടിച്ച തെരുവുനായ- 2

big4

2001-ലാണ് നായ്ക്കളെ സംബന്ധിച്ച മൃഗപ്രജനനനിയന്ത്രണചട്ടം (എ.ബി.സി. ചട്ടം) നിലവിൽവന്നത്. അതിനുമുമ്പ് അവയെ കൊല്ലുന്നതിന് നിയമപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. 1994-ലെ കേരള മുനിസിപ്പൽ നിയമത്തിൽ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് തെരുവുനായവധത്തിന് അനുമതി നൽകാൻ അധികാരമുണ്ടായിരുന്നു.  എ.ബി.സി. ചട്ടപ്രകാരം രണ്ടുഘട്ടത്തിലേ തെരുവനായയെ കൊല്ലാവൂ. ശമിപ്പിക്കാനാവാത്ത രോഗം ബാധിച്ചാലും മാരകമായി മുറിവേറ്റാലും. അവയെ കൊല്ലുന്നതിന് ‘ദയാവധം’ എന്ന വാക്കാണ് എ.ബി.സി. ചട്ടത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രായപൂർത്തിയായ നായ്ക്കളെ സോഡിയം പെന്റാത്തോൾ കുത്തിവെച്ചും നായ്ക്കുഞ്ഞുങ്ങളെ തിയോപെന്റാൽ ഇൻട്രോപെരിറ്റൊനീൽ കുത്തിവെച്ചും കൊല്ലാം. മൃഗസംരക്ഷണ ബോർഡ് അനുമതി നൽകിയിട്ടുള്ള മനുഷ്യത്വപരമായ മറ്റുമാർഗങ്ങളും സ്വീകരിക്കാം.പേപ്പട്ടികളെ കൊല്ലുന്നതിനും കൃത്യമായ മാർഗനിർദേശമുണ്ട്. അവയെ പിടികൂടി ഒറ്റയ്ക്കുപാർപ്പിച്ച് സ്വാഭാവികമരണത്തിന് അനുവദിക്കണം. റാബീസ് വൈറസ് ബാധിച്ച പട്ടി സാധാരണ 10 ദിവസത്തിനകം ചാകും. നായ്‌ക്കൊലയുടെ സാമൂഹികവശം     നിയമപ്രശ്നങ്ങൾക്കൊപ്പം ചില സാമൂഹിക പ്രശ്നങ്ങളും ഉൾച്ചേർന്നിട്ടുണ്ട് നായ്‌ക്കൊലയിൽ. അലഞ്ഞുതിരിയുന്ന നായ്ക്കളെ മൂന്നായി തിരിക്കാമെന്ന് അവയുടെ സ്വഭാവം നിരീക്ഷിച്ച മൃഗക്ഷേമവിദഗ്‌ധർ പറയുന്നു. 1) മനുഷ്യരോട് വളരെ അടുപ്പം കാട്ടുന്നവ 2) അടുക്കണമെന്നുണ്ടെങ്കിലും പേടിയുള്ളവ; 3) തീരെ അടുപ്പംകാട്ടാതെ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നവ. ഇവയിൽ മൂന്നാം കൂട്ടത്തിലെ ചെറുശതമാനം മാത്രമാണ് കാരണമില്ലാതെ മനുഷ്യനെ കടിക്കുന്നവ. മറ്റുള്ളവയ്ക്ക് മനുഷ്യനെ ആക്രമിക്കാൻ എന്തെങ്കിലും കാരണമുണ്ടാവും. ഒന്നുകിൽ അവ അമ്മപ്പട്ടികളാവാം. അല്ലെങ്കിൽ പെൺപട്ടിയെ ഇണയാക്കാൻ മത്സരബുദ്ധിയോടെ പിന്നാലെ നടക്കുന്ന ആൺപട്ടിക്കൂട്ടമാവാം.  നായ്ക്കളെ കൊന്ന് പ്രശ്നംപരിഹരിക്കാം എന്നുപറയുമ്പോൾ അതിനിരയാകുന്നവയിൽ അധികവും ഒന്നാം വിഭാഗത്തിലുള്ളവയാകും. നായപിടിത്തക്കാർക്കടുത്തേക്കു ചെല്ലുന്നത് അവയാകും. മറ്റുള്ളവ എവിടെയെങ്കിലും ഒളിക്കും. ഒപ്പമുള്ള നായയെ കൊല്ലുന്നതുകാണുന്ന നായ്ക്കളും പിന്നീട് ഇതുതന്നെ ചെയ്യും. കൊലയ്ക്കുള്ള സന്നാഹങ്ങളുമായി എത്തുന്നയാൾക്കടുത്തേക്ക് അവ ചെല്ലുകയേയില്ല. ചുരുക്കത്തിൽ, അപകടകാരിയായ നായ ഒരിക്കലും കൊല്ലപ്പെടില്ല. അവ കൃത്യമായ ഇടവേളകളിൽ പ്രജനനം നടത്തും. നായപ്രശ്നം വീണ്ടും ഉടലെടുക്കും. അതിനാൽ, ആറുമാസത്തേക്കുള്ള, അതായത് ഹ്രസ്വകാലത്തേക്കുള്ള പരിഹാരമാർഗമാണ് കൊലയെന്നു പറയുന്നത്. തെരുവുനായ്ക്കളെ കൊല്ലണമെന്ന് സർവേ imageകേരളത്തിൽ വർധിച്ചുവരുന്ന തെരുവുനായ് ശല്യത്തോടുള്ള സ്വാഭാവികമായ പ്രതികരണമായിരുന്നു മാതൃഭൂമി ഓൺലൈനിൽ നടത്തിയ സർവേയിൽ പ്രതിഫലിച്ചത് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും നായ്ക്കളെ കൊല്ലണമെന്നാണഭിപ്രായപ്പെട്ടത്. 79.84% പേരും ഈ അഭിപ്രായത്തോട് യോജിച്ചു.   എന്നാൽ വന്ധ്യംകരണം, പുനരധിവാസം തുടങ്ങിയ ബദൽ മാർഗങ്ങൾ ആലോചിക്കണമെന്നഭിപ്രായപ്പെട്ടവരുമുണ്ട്.