
ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴിയില്‍ തെരുവുനായയുടെ ആക്രമണം. വീട്ടമ്മയടക്കം ആറുപേര്‍ക്ക് കടിയേറ്റു. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ തള്ളക്കാനത്തായിരുന്നു സംഭവം.
പാലുമായി വന്ന വണ്ടിക്കാരനാണ് ആദ്യം തെരുവുനായയുടെ കടിയേറ്റത്. ഇയാള്‍ വാഹനം നിര്‍ത്തി കടയില്‍ പാല്‍ എത്തിച്ച് കൊടുക്കുന്നിടയില്‍ നായ ഓടി വന്ന് കടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡിലൂടെ നടന്ന് പോയവരെയും ആക്രമിച്ചു.
സമീപത്തെ വീടിന്റെ മുറ്റത്ത് നിന്നിരുന്ന വീട്ടമ്മയെ ഗേറ്റിന് ഇടയിലൂടെ കടന്നു ചെന്ന് നായ കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാനായി എത്തിയ ഭര്‍ത്താവിനെയും നായ ആക്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നിടെ ഇദ്ദേഹത്തിന് നായുടെ നഖം കൊണ്ട് മുറിവേറ്റു.
നാട്ടുകാര്‍ വടിയുമായി എത്തിയതോടെ നായ ഓടി കുറ്റിക്കാട്ടിനുള്ളില്‍ മറഞ്ഞു. മുറിവേറ്റവരെ കഞ്ഞിക്കുഴി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികില്‍സ നല്‍കിയതിന് ശേഷം കുത്തി വെയ്പ്പിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേയ്ക്ക് റെഫര്‍ ചെയ്തു.
കഞ്ഞിക്കുഴി ടൗണിലും പരിസരങ്ങളിലും തെരുവുനായ്ക്കള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തുന്നതിന് വേണ്ടി നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതിയും ശക്തമാകുന്നുണ്ട്.
content hgighlights: stray dog attack in idukki