പ്രതീകാത്മക ചിത്രം| Photo: മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവു നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കാന്‍ തീരുമാനം. നായകളുടേയും പൂച്ചകളുടേയും ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണിത്. വളത്തുനായകളുടെ വാക്‌സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പിലാക്കുന്നു എന്നുറപ്പാക്കാനും യോഗം തീരുമാനിച്ചു. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കും.
പല ജില്ലകളിലും നായകളുടെ ആക്രമണം മൂന്നിരട്ടിയോളം വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വാക്‌സിനെടുക്കുന്നതിന് വിമുഖത പാടില്ലെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. ഈ വിഷയത്തില്‍ ശക്തമായ ബോധവത്ക്കരണം നടത്താനാണ് സര്‍ക്കാര്‍ നീക്കം.
മുഖത്തും കൈകളിലും കടിയേല്‍ക്കുന്നത് പെട്ടെന്ന് പേവിഷബാധയേല്‍ക്കാന്‍ കാരണമാകുന്നു. അതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ പ്രധാന ആശുപത്രികളിലും വാക്‌സിന്‍ ഉറപ്പ് വരുത്താന്‍ യോഗത്തില്‍ ധാരണയായി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ യോഗം വിളിച്ചു ചേര്‍ത്ത് പരമാവധി നായകള്‍ക്ക് മൃഗ സംരക്ഷണ വകുപ്പ് വാക്‌സിന്‍ എടുക്കും. പേവിഷബാധ നിയന്ത്രിക്കാന്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചു റാണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. പേവിഷബാധ നിയന്ത്രിക്കാന്‍ മൂന്ന് വകുപ്പുകളും ചേര്‍ന്ന് കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.
Content Highlights: stray dog and cat attack - state higher committee meeting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..