ലോറിയിലെ വൈക്കോൽ കെട്ടിന് തീപിടിച്ചപ്പോൾ| Photo: Screengrab/ Mathrubhumi News
കോഴിക്കോട്: കോടഞ്ചേരിയില്‍ ലോറിയില്‍ കയറ്റിയ വൈക്കോല്‍ കെട്ടിന് തീപിടിച്ചു. തീപടര്‍ന്നത് ശ്രദ്ധയില്‍ പെട്ടതോടെ ലോറി തൊട്ടടുത്ത ഗ്രൗണ്ടിലേക്ക് കയറ്റി ചുറ്റിക്കറങ്ങി. ഇതോടെ വൈക്കോല്‍ കെട്ടുകള്‍ താഴെ വീണ് അപകടം ഒഴിവായി. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു.
ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വയനാട്ടില്‍ നിന്ന് നിറയെ വൈക്കോലുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. കോടഞ്ചേരി ടൗണിനോട് 200 മീറ്റര്‍ അടുത്ത് എത്തിയപ്പോള്‍ വൈക്കോലിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. പരിഭ്രാന്തനായ ഡ്രൈവര്‍ കോടഞ്ചേരി ടൗണില്‍ വണ്ടിനിര്‍ത്തി ഓടിരക്ഷപ്പെട്ടു.
ഇതോടെ നാട്ടുകാരാനായ ഷാജി എന്നയാള്‍ ലോറിയില്‍ പാഞ്ഞുകയറുകയും വാഹനം എടുത്ത് തൊട്ടടുത്ത സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂളിന്റെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയും ചെയ്തു. ഗ്രൗണ്ടില്‍ ലോറി ചുറ്റിക്കറക്കിയതോടെ തീപിടിച്ച കെട്ടുകളെല്ലാം ഗ്രൗണ്ടില്‍ വീണു വന്‍ അപകടം ഒഴിവായി.
നാട്ടുകാരെത്തി തീപിടിക്കാത്ത വൈക്കോല്‍ കെട്ടുകള്‍ മാറ്റി. മുക്കത്ത് നിന്ന് ഫയര്‍ഫോഴ്‌സ് കൂടി എത്തിയതോടെ കാര്യങ്ങള്‍ വരുതിയിലായി. തീ പെട്ടെന്ന് തന്നെ അണച്ചു. ഇതോടെ ലോറിയിലേക്ക് തീപടര്‍ന്നില്ല. ഇലക്ട്രിക് കമ്പികള്‍ തട്ടി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വൈക്കോല്‍ കെട്ടിന് തീപിടിച്ചതാകാമെന്നാണ് സൂചന. നേരത്തേയും ഇത്തരത്തില്‍ സംഭവങ്ങളുണ്ടായിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച്ച ഇതേ രീതിയില്‍ തിരുവനന്തപുരം പാങ്ങോടും വൈക്കോല്‍ കെട്ടിന് തീപിടിച്ചിരുന്നു. പാങ്ങോട് പഴവിള കെവിയുപിഎസിന് മുന്‍വശത്താണ് അപകടം നടന്നത്. വൈദ്യുതി കമ്പിയില്‍ തട്ടി തീപടര്‍ന്നത് ഡ്രൈവര്‍ അറിഞ്ഞില്ല. ലോറിയുടെ പിന്നാലെ വന്ന ബൈക്ക് യാത്രക്കാരാണ് സംഭവം ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്ന് ബഹളമുണ്ടാക്കി ലോറി നിര്‍ത്തിച്ചു. ഇതേസമയം പാങ്ങോട് പഞ്ചായത്തിന്റെ ആവശ്യത്തിനായി വെള്ളവുമായി അതുവഴി വന്ന വാഹനത്തിലെ വെള്ളം ഉപയോഗിച്ച് നാട്ടുകാര്‍ തീ അണച്ചു.
Content Highlights: Straw lorry caught fire in calicut
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..