ഗോപികയും ദുർഗയും. photo: mathrubhumi news/screen grab
തിരുവനന്തപുരം: താമസക്കാര്‍ക്ക് വിചിത്ര സര്‍ക്കുലറുമായി തിരുവനന്തപുരം പട്ടത്തെ ഹീരാ ഫ്ളാറ്റ് അസോസിയേഷന്. അവിവാഹിതരായ താമസക്കാര്‍ രണ്ട് മാസത്തിനകം ഫ്ളാറ്റ് ഒഴിയണമെന്നാണ് നിര്‍ദേശം. അവിവാഹിതരായ യുവതികളുടെ ഫ്ളാറ്റില്‍ ആണ്‍കുട്ടിളും യുവാക്കളുടെ ഫ്ളാറ്റില്‍ യുവതികളും വരുന്നതിനും അസോസിയേഷന് വിലക്കേര്‍പ്പെടുത്തി.
സദാചാര പ്രശ്നമുയര്‍ത്തിയാണ് അസോസിയേഷന്റെ വിവാദ സര്‍ക്കുലര്‍. അവിവാഹിതര്‍ എതിര് ലിംഗക്കാരെ ഫ്ളാറ്റില്‍ പ്രവേശിപ്പിക്കരുതെന്നും രക്തബന്ധത്തിലുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നും വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഫ്ളാറ്റിന്റെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചു. ഇവിടുത്തെ ആറ് ഫ്ളാറ്റുകളില്‍ അവിവാഹിതര്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് വാട്സാപ്പ് വഴിയും അസോസിയേഷന് സര്‍ക്കുലര്‍ അയച്ചുനല്‍കിയിട്ടുണ്ട്.
സുഹൃത്തുക്കള്‍ എത്തിയാല്‍ ഫ്ളാറ്റിന്റെ താഴത്തെ നിലയില്‍വെച്ച് മാത്രം അവരെ കാണാനാണ് അനുമതി. ഈ ഫ്ളാറ്റ് സമുച്ചയം കുടുംബമായി താമസിക്കുന്നവര്‍ക്ക് ഉള്ളതാണെന്നാണ് സര്‍ക്കുലറില്‍ അസോസിയേഷന്റെ വാദം.
പുരുഷന്മാര് ഫ്ളാറ്റില്‍ വരുന്നത് മറ്റു ചില കാര്യങ്ങള്‍ക്കാണെന്നും സ്ത്രീകളുടെ ഫ്ളാറ്റില്‍ പുരുഷന്മാര് വരുന്നതെന്തിനാണെന്നും ചോദിച്ച് സുഹൃത്തിനോട് അസോസിയേഷന് മോശമായി പെരുമാറിയിട്ടുണ്ടെന്നും ഫ്ളാറ്റിലെ താമസക്കാരിയായ ഗോപികയും ദുര്‍ഗയും ആരോപിച്ചു. കാണാന്‍ പെണ്‍കുട്ടികള്‍ വന്നാലും ചോദ്യംചെയ്ത് പ്രസിഡന്റിനോടും സെക്രട്ടറിയോടും വിളിച്ച് അനുമതി വാങ്ങിയശേഷം മാത്രമാണ് കയറ്റിവിടുന്നതെന്നും ഇവർ ആരോപിച്ചു. അസോസിയേഷന്റെ സദാചാര പോലീസിങ്ങിനെതിരെ പോലീസില്‍ പരാതി നല്‍കാനാണ് തീരുമാനമെന്നും ഇരുവരും വ്യക്തമാക്കി.
Content Highlights: strange circular from association for residents of heera twins flat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..