ദിൽന സ്മൃതി ഇറാനിയോടൊപ്പം | ഫോട്ടോ: ബിനു തോമസ്
ദിൽന കെ. യുടെ സ്വപ്നവും ലക്ഷ്യവും വിപരീത ദിശയിൽ സഞ്ചരിക്കുന്ന യാത്രാ യാനങ്ങളല്ല. ഒരു കൊടുങ്കാറ്റിനും അവളുടെ സ്വപ്നത്തിന്റെ പായ് വഞ്ചിയെ തകർക്കാനും കഴിയില്ല. ക്രിക്കറ്റ് മൈതാനത്തിന്റെ അതിർത്തിയും ഷൂട്ടിംഗ് റേഞ്ചിന്റെ ലക്ഷ്യവും കടന്ന് മഹാ സമുദ്രങ്ങളെ കീഴടക്കാനുള്ള യാത്രയിലാണ് ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥയായ ലഫ്റ്റനന്റ് കമാന്റർ ദിൽന കെ. ഒറ്റയ്ക്ക് പായ് വഞ്ചിയിൽ ലോകം ചുറ്റാൻ ഇന്ത്യൻ നാവിക സേന തിരഞ്ഞെടുത്ത രണ്ടു വനിതാ ഉദ്യോഗസ്ഥരിൽ ഒരാളാണ് കോഴിക്കോട് പറമ്പിൽ കടവ് സ്വദേശി ദിൽനാ കെ. കഴിഞ്ഞ ചൊവ്വാഴ്ച രണ്ടാം ഘട്ട പരിശീലനം പൂർത്തിയാക്കി ഗോവയിൽ തിരിച്ചെത്തി.
എപ്പോഴും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് നാവിക സേനയിൽ ലോജിസ്റ്റിക് വിഭാഗത്തിൽ ജോലി ചെയ്യുന്ന ദിൽന കെയെ നാവികയാകാൻ പ്രേരിപ്പിച്ചത്. ലോകത്തിന് മുൻപിൽ ഇന്ത്യൻ സ്ത്രീ ശക്തിയുടെ കരുത്ത് തെളിയിക്കാൻ ഇന്ത്യൻ നാവിക സേന, വനിതാ നാവികയെ പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റാൻ അയയ്ക്കാൻ തീരുമാനിച്ചപ്പോൾ താൽപ്പര്യം പ്രകടിപ്പിച്ച 17 പേരിൽ ഒരാളായിരുന്നു ദിൽന. അവസാനം അതിൽ നിന്ന് രണ്ട് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയപ്പോൾ പുതുച്ചേരി സ്വദേശി ലെഫ്റ്റനന്റ് കമാന്റർ രൂപയ്‌ക്കൊപ്പം
ദിൽനയും ഇടം പിടിച്ചു.
കരസേനയിൽ മെഡിക്കൽ സർവീസിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ ദേവദാസ് നാട്ടിൽ വരുമ്പോൾ അച്ഛനൊപ്പം ബാറ്റുമെടുത്ത് ക്രിക്കറ്റ് കളിക്കാനിറങ്ങിയ ദിൽന, കേരള ക്രിക്കറ്റ് അസോസിയേഷന്റ അണ്ടർ 19 വനിതാ ടീമിൽ അംഗമായി. കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ പഠിക്കുമ്പോൾ ക്രിക്കറ്റിൽ സർവകലാശാല ചാമ്പ്യനുമായി.
പക്ഷെ, ക്രിക്കറ്റിന്റെ അതിർത്തികളെക്കാൾ വിശാലമായിരുന്നു അവളുടെ സ്വപ്നം. എന്തിനും മുൻപിലെത്തണമെന്നതായിരുന്നു ദിൽനയുടെ ആഗ്രഹമെന്ന് അമ്മ റീജ പറഞ്ഞു 'അവൾ 'ആൺകുട്ടികളെ ' പോലെയായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ അവൾ ബുള്ളറ്റൊക്കെ ഓടിക്കുമായിരുന്നു. ബുള്ളറ്റോടിക്കുന്ന കുട്ടിയെന്നായിരുന്നു ദിൽനയെ നാട്ടുകാർ വിളിച്ചിരുന്നതെന്ന് അമ്മ റീജ ചെറു പുഞ്ചിരിയോടെ ഓർത്തെടുത്തു.
ക്രിക്കറ്റ് മൈതാനത്ത് നിന്ന് ഷൂട്ടിംഗ് റേഞ്ചിലേയ്ക്ക് എത്തിയ ദിൽന ദേശീയ ജൂനിയർ ചാമ്പ്യനായി. ഷൂട്ടിംഗിൽ മികച്ച പ്രകടനം കാഴ്ച വെച്ചതോടെ ക്രിക്കറ്റ് മൈതാനം വിട്ടു. ജീവിതത്തിൽ കിട്ടിയ അവസരങ്ങളിലൊക്കെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞുവെന്നത് ദിൽനയ്ക്ക് ആത്മവിശ്വാസം നൽകി. ഇന്ത്യൻ പ്രതിരോധ സേനയിൽ ചേരുകയെന്ന ജീവിതത്തിലെ എറ്റവും വലിയ ആഗ്രഹം പൂർത്തികരിക്കാനുള്ള ഊർജ്ജവും മറ്റൊന്നായിരുന്നില്ല.
കരസേനയിൽ ചേരാൻ അഞ്ച് തവണ നടത്തിയ ശ്രമം പരാജയമായി. നിർഭാഗ്യമെന്ന് പറഞ്ഞ് തള്ളിക്കളയാൻ ദിൽന തയ്യാറായില്ല. ആറാംമത്തെ ശ്രമം ദിൽനയെ ഇന്ത്യൻ നാവിക സേനയുടെ ഭാഗമാക്കി. പിന്നീടുളളത് ചരിത്രം. ഒറ്റയ്ക്ക് പായിക്കപ്പലിൽ ലോകം ചുറ്റാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട പരിശീലനം ദിൽന പൂർത്തിയാക്കി. കഴിഞ്ഞ വർഷം നവംബർ 17 ന് ഗോവയിൽ നിന്ന് പുറപ്പെട്ട INS V തരിണി 188 ദിവസത്തെ യാത്രയ്ക്ക് ശേഷം ചെവ്വാഴ്ച തിരികെയെത്തി. കേപ് ടൗൺ - റിയോ റെയ്സും പൂർത്തിയാക്കിയാണ് ദിൽനയും സംഘവും മടങ്ങിയെത്തിയത്. ഇനിയും കടമ്പകൾ എറെയുണ്ട്. കൊടുങ്കാറ്റിനെ ഉൾപ്പെടെ അതിജീവിച്ചായിരുന്നു യാത്ര, എറെ പഠിക്കാനുണ്ട് ഒറ്റയ്ക്ക് പായ് വഞ്ചിയിൽ ചെറിയ ദൂരങ്ങൾ താണ്ടണം, നാവിക സേനയിൽ ലെഫ്റ്റനന്റ് കമാന്ററായ ഭർത്താവ് ധനേഷ് നൽകുന്ന അകമഴിഞ്ഞ പിന്തുണ വലിയ കരുത്താണ് - ദിൽന പറഞ്ഞു.
പരിശീലനം പൂർത്തിയാക്കി തിരികെയെത്തിയ ദിൽനയെയും സംഘത്തെയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാറും ചേർന്നാണ് സ്വീകരിച്ചത്.
ആ ചരിത്ര തീരുമനം ഇന്ത്യൻ നാവിക സേനയെടുക്കുമ്പോൾ രണ്ട് പേരിൽ ഒരാൾ ഇന്ത്യയുടെ നാവിക ചരിത്രത്തിന്റെ ഭാഗമാകും. ഒറ്റയ്ക്ക് പായ് വഞ്ചിയിൽ ഭൂഗോളം കറങ്ങിയ ആദ്യ ഇന്ത്യൻ വനിത. ലെഫ്റ്റനന്റ് കമാന്റർ ദിൽന കെ. അല്ലെങ്കിൽ ലെഫ്റ്റനന്റ് കമാന്റർ രൂപ എ.
എപ്പോഴും വ്യത്യസ്തമായും സാഹസികമായും എന്തെങ്കിലും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. പായ് വഞ്ചിയിൽ ലോകം ചുറ്റാൻ വേണ്ടിയുള്ള പരിശീലനത്തിൽ മികച്ച പ്രകടനം തന്നെ ഞാൻ പുറത്തെടുക്കും. യോഗ്യതയുണ്ടെങ്കിൽ ഉറപ്പായും ഞാൻ ഒറ്റയ്ക്ക് ലോകം ചുറ്റിയിരിക്കും. ലെഫ്റ്റനന്റ് കമാന്റർ ദിൽനയുടെ വാക്കുകൾക്ക് കൊടുങ്കാറ്റിലും ഉലയാത്ത കരുത്തുണ്ട്.
Content Highlights: Dilna K, Kozhikode, Indian Navy,
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..