ആലപ്പുഴ: യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയിരുന്ന സെസി സേവിയറിന്റെ തട്ടിപ്പുകള്‍ പുറത്ത് വന്നത് ആണ്‍സുഹൃത്ത്‌ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍. മതിയായ യോഗ്യതയില്ലാത്ത അഭിഭാഷകയായിരുന്നിട്ടും സെസി ആലപ്പുഴ ജില്ലാ ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആണ്‍സുഹൃത്ത്‌ നല്‍കിയ വിവരത്തില്‍ നിന്നാണ് ഭാരവാഹികള്‍ മനസ്സിലാക്കിയത്.

കോടതിയില്‍ വളരെ മിടുക്കിയായി പെര്‍ഫോം ചെയ്യുകയും അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരിക്കുകയും ചെയ്ത സെസി സേവ്യര്‍ തട്ടിപ്പുകാരിയായ വ്യാജ വക്കീലാണെന്ന വിവരം ഞെട്ടലോടെയാണ് സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞത്. അടിമുടി ദുരൂഹതയാണ് കുട്ടനാട് സ്വദേശിനിയായ സെസിയുടെ തട്ടിപ്പുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. കോടതിയെ പോലും വിദഗ്ധമായി തെറ്റിദ്ധരിപ്പിക്കാനും ഇവര്‍ക്ക് കഴിഞ്ഞിരുന്നു.

വിവരം അറിയിച്ചത് ആദ്യ കാമുകന്‍? 

തിരുവല്ലയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനുമായി സെസി അടുപ്പത്തിലായിരുന്നു. ഈ സമയത്ത് സെസിയുടെ യോഗ്യത സംബന്ധിച്ച എല്ലാ കാര്യങ്ങളും അഭിഭാഷകന് അറിയാമായിരുന്നു. പിന്നീട് ആലപ്പുഴയില്‍ പ്രാക്ടീസ് ആരംഭിച്ചതോടെ സെസി മറ്റൊരു യുവ അഭിഭാഷകനുമായി അടുപ്പത്തിലാവുകയും പഴയ കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കുകയുമായിരുന്നു. ഇതില്‍ പ്രകോപിതനായാണ് പഴയ കാമുകന്‍ കാര്യങ്ങളെല്ലാം പുറത്തറിയിച്ചതെന്നാണ് സൂചന. പഴയ കാമുകന്‍ സെസിയുടെ പുതിയ ബന്ധത്തെ കുറിച്ച് അറിഞ്ഞതോടെയാണ് കാര്യങ്ങള്‍ സെസിക്ക് എതിരായി തുടങ്ങിയത്. സെസിക്ക് മൂന്ന് പേപ്പറുകള്‍ കിട്ടിയിട്ടില്ലെന്നും അത് എഴുതിയെടുക്കാന്‍ സഹായിക്കണമെന്നും അടുപ്പത്തിലായിരുന്ന സമയത്ത് ഇവര്‍ ആദ്യ കാമുകനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു അജ്ഞാത കത്ത് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ലഭിച്ചു. 

ഇതിനെ തുടര്‍ന്ന് കത്തില്‍ പറയുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ അസോസിയേഷന്‍ ഇവരോട് ആവശ്യപ്പെട്ടുവെങ്കിലും രേഖകള്‍ നല്‍കാത്തതോടെ ബാര്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കി. പിന്നാലെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ആവശ്യം അനുസരിക്കാത്തതിനാല്‍ തന്റെ കീഴില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് സീനിയര്‍ അഭിഭാഷകനും ഇവരെ പുറത്താക്കി. ഇതിനിടെ തട്ടിപ്പ് സംബന്ധിച്ച് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ ബാര്‍ അസോസിയേഷന്‍ പരാതിയും നല്‍കി.

ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പും അസ്വാരസ്യങ്ങളും

ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ സെസിയുടെ യോഗ്യത സംബന്ധിച്ച് ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇവര്‍ക്ക് എല്‍.എല്‍.ബി ബിരുദമില്ലെന്ന് ഉള്‍പ്പെടെ ആരോപണം ഉയര്‍ന്നിരുന്നു. തിരുവനന്തപുരം ലോ അക്കാദമിയില്‍ സഹപാഠികളായിരുന്ന അഭിഭാഷകരോട് വിവരം തിരക്കിയപ്പോഴാണ് ഇവര്‍ക്ക് മൂന്ന് പേപ്പര്‍ ഇനിയും കിട്ടാനുണ്ടെന്ന് അറിയുന്നത്. ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ താന്‍ ബെംഗളുരുവില്‍  നിന്ന് തത്തുല്യ പരീക്ഷ പാസായെന്നാണ് സെസി പറഞ്ഞ ന്യായം. ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ 272ല്‍ 212 വോട്ടുകളും നേടിയാണ് ലോയേഴ്‌സ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച സെസി വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ വിജയിച്ച സെസിക്ക് ബാര്‍ അസോസിയേഷനില്‍ ലൈബ്രേറിയന്‍ എന്ന പദവിയാണ് നല്‍കിയത്. ബാര്‍ അസോസിയേഷന്റെ മുഴുവന്‍ കാര്യങ്ങളും നോക്കിനടത്തുന്നതിന് തുല്യമായ പദവിയാണ് ഇത്.

ആകര്‍ഷകമായ പെരുമാറ്റം, കോടതിക്ക് മുന്നിലെ വെല്ലുവിളികളും

എല്ലാവരോടും ആകര്‍ഷകമായി പെരുമാറുന്നത് കൊണ്ടും കോടതിയില്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യുന്നതുകൊണ്ടും കോടതി നിരവധി കേസുകളിലും അഭിഭാഷക കമ്മിഷനായി സെസിയെയാണ് നിയമിച്ചത്. 25ല്‍പ്പരം കമ്മിഷന്‍ റിപ്പോര്‍ട്ടുകളും സെസി കോടതിയില്‍ ഇതുവരെ സമര്‍പ്പിച്ചു. ഇതിന്റെ ഭാവി എന്താകും എന്നതാണ് കോടതിക്ക് മുന്‍പിലുള്ള പ്രധാന വെല്ലുവിളി. സ്വന്തമായി എന്റോള്‍ നമ്പറില്ലാത്ത സെസി തിരുവനന്തപുരത്തെ സംഗീത എന്ന അഭിഭാഷകയുടെ നമ്പറാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഈ കേസുകളുടെ ഭാവി എന്താകും എന്നതും കോടതിക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കേസുകളില്‍ ഉള്‍പ്പെടെ ഇവര്‍ കക്ഷികള്‍ക്കായി ഹാജരായി.

കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

തനിക്കെതിരെ ജാമ്യം ലഭിക്കുന്ന ആള്‍മാറാട്ട കേസ് മാത്രമേ ചുമത്തിയിട്ടുള്ളൂ എന്നുകരുതിയാണ് സെസി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ജാമ്യത്തിനായി എത്തിയത്. എന്നാല്‍ വ്യാജ എന്റോള്‍മെന്റ് നമ്പര്‍ ഇട്ട് വക്കാലത്തെടുത്തതിന് വഞ്ചനാക്കുറ്റവും ബാര്‍ അസോസിയേഷനിലെ ചില രേഖകള്‍ എടുത്തുകൊണ്ട് പോയതിന് മോഷണക്കുറ്റവും ചുമത്തി പോലീസ് കേസെടുത്തതിനാല്‍ ജാമ്യം ലഭിക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് സെസി കോടതിയില്‍ നിന്ന് മുങ്ങിയത്. 

അഭിഭാഷകര്‍ക്കിടയില്‍ ഭിന്നത, യോഗം ഇന്ന്

അതിനിടെ സെസിക്ക് വേണ്ടി ഹാജരായതിനെ ചൊല്ലി ആലപ്പുഴ ബാര്‍ അസോസിയേഷനിലും ഭിന്നതയുണ്ട്. ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ സെസിക്ക് വേണ്ടി അതേ അസോസിയേഷനിലെ അഭിഭാഷകര്‍ ഹാജരാകുന്നത് ശരിയല്ലെന്ന വാദം ഉയരുന്നുണ്ട്. എന്നാല്‍ ആരുടെ കേസെടുക്കുന്നതും തെറ്റല്ല എന്ന വാദമാണ് മറുഭാഗം ഉന്നയിക്കുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനായി  ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡി വിളിച്ചിട്ടുണ്ട്. കേസില്‍ അഭിഭാഷകര്‍ ഹാജരാകുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ഉള്‍പ്പെടെ ഈ യോഗത്തില്‍ തീരുമാനമുണ്ടാകും.

Content Highlights: story of Sesi Xavier who didn`t have an original degree and yet became a rocking advocate by profession