കൊച്ചി: ഇടപ്പള്ളി അമൃത ആശുപത്രിയില്‍നിന്ന് അല്പം മുന്നോട്ടുപോകണം മേനകയും മകന്‍ അരവിന്ദും താമസിക്കുന്ന വീട്ടിലെത്താന്‍. രണ്ടുമുറിയുള്ള ഒരു ചെറിയ വീട്. കയറിച്ചെല്ലുന്ന സ്വീകരണമുറിയുടെ തൊട്ടുചേര്‍ന്നുള്ള ചെറിയ മുറിയില്‍നിന്ന് 'ലവ് ആന്‍ഡ് ഐസ്‌ക്രീം' എന്നെഴുതിയ ചുവന്ന ബനിയന്‍ ധരിച്ച് മേനകയിറങ്ങിവന്നു. വെപ്പുകാലിലാണ്. അധികം നടക്കാനാകില്ല. കൈകള്‍ രണ്ടുമില്ലാത്തതിനാല്‍ ശരീരത്തിന് ബാലന്‍സ് നഷ്ടമാകും.

കോവിഡും തുടര്‍ന്നെത്തിയ അടച്ചിടലും അനന്തമായി നീളുന്ന കാത്തിരിപ്പുമെല്ലാം മേനകയെ തളര്‍ത്തി. ടെന്‍ഷന്‍ താങ്ങാന്‍ വയ്യെന്ന സങ്കടം വാക്കുകളില്‍. ഭര്‍ത്താവ് വെട്ടിമാറ്റിയ കൈകള്‍ക്ക് പകരമൊന്ന് തേടിയാണ് മലേഷ്യക്കാരി മേനക കൃഷ്ണന്‍ (51) കൊച്ചിയിലെത്തിയത്. എറണാകുളം അമൃത ആശുപത്രിയിലെ കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച് വായിച്ചറിഞ്ഞായിരുന്നു അത്. കൈകള്‍ക്കായുള്ള കൊച്ചിയിലെ കാത്തിരിപ്പ് രണ്ടുവര്‍ഷമാകുന്നു.

'നാട്ടില്‍ മോളും മോനും ബന്ധുക്കളുടെ തണലിലാണ്. ജീവിതച്ചെലവും താങ്ങാന്‍ വയ്യ.' കാത്തിരിപ്പ് എന്നവസാനിക്കുമെന്ന് നിശ്ചയമില്ല -മേനക പറഞ്ഞു. അരവിന്ദ് പറഞ്ഞതും ലോക്ഡൗണ്‍ പോലെ ഇരുട്ടിലായ ജീവിതത്തെക്കുറിച്ചാണ്. അരിഷ്ടിച്ചാണ് ജീവിതം. ചെലവു ചുരുക്കാന്‍ ഭക്ഷണത്തിലുമുണ്ട് നിയന്ത്രണം. രാവിലെ വെറും ചായ മാത്രം. ഉച്ചയ്ക്ക് ചോറും കറിയും. മേനകയ്ക്ക് പിന്നെ ഭക്ഷണമൊന്നുമില്ല. ഭക്ഷണമുണ്ടാക്കുന്നതും പ്രാഥമികകൃത്യങ്ങള്‍ക്ക് അമ്മയെ സഹായിക്കുന്നതുമെല്ലാം അരവിന്ദാണ്. മേനകയുടെ രണ്ടാം മകനാണ് അരവിന്ദ്. സംശയം കാരണമുള്ള വഴക്കിന്റെ തുടര്‍ച്ചയായാണ് ഭര്‍ത്താവ് മേനകയുടെ കൈകളും കാലുകളും വെട്ടിമാറ്റിയത്. 2014-ലായിരുന്നു അത്. ഭര്‍ത്താവ് പിന്നീട് ആത്മഹത്യ ചെയ്തു. സുമനസ്സുകളുടെ സഹായത്താലാണ് കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്തിയത്. അമൃതയില്‍ ഡോ. സുബ്രഹ്മണ്യ അയ്യരാണ് ചികിത്സിക്കുന്നത്.

Content Highlight: Story of menaka from Malaysia