ഓച്ചിറ : ഏറെ ആദരവോടെയാണ് സി.ആര്‍.മഹേഷ് എം.എല്‍.എ. പാവുമ്പ മറ്റത്തുവീട്ടില്‍ ഭവാനിയുടെ (85) സ്വര്‍ണാഭരണങ്ങള്‍ മകന്‍ ഉദയന്റെ കൈയില്‍നിന്ന് ഏറ്റുവാങ്ങിയത്. മരണത്തിനുമുന്‍പ് അവസാനത്തെ ആഗ്രഹമെന്നനിലയില്‍ തന്റെ സ്വര്‍ണാഭരണങ്ങള്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി സി.ആര്‍.മഹേഷിനെ ഏല്‍പ്പിക്കണമെന്ന് ഭവാനി മക്കളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 22-നാണ് ഭവാനി കോവിഡ് ബാധിച്ച് മരിച്ചത്. ഒരു ജോഡി കമ്മലും ഒരു വളയുമടക്കം ഒന്നരപ്പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ അവര്‍ മക്കളെ ഏല്‍പ്പിച്ചു. സ്വര്‍ണം വിറ്റുകിട്ടുന്ന തുക മഹേഷിന്റെ കോവിഡ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്നും നിര്‍ദേശിച്ചു. അമ്മയുടെ ആഗ്രഹം മക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് മഹേഷ് ഞായറാഴ്ച പാവുമ്പയിലെത്തി സ്വര്‍ണാഭരണങ്ങള്‍ ഏറ്റുവാങ്ങി.

സേവാദള്‍ ജില്ലാ വൈസ് ചെയര്‍മാന്‍ സുനില്‍ നമ്പ്യാര്‍, മണ്ഡലം പ്രസിഡന്റ് തഴവ ബിജു, മണ്ഡലം സെക്രട്ടറിമാരായ വിനോദ്, സുഗരാജന്‍, ദീപ, ശിവാനന്ദന്‍ എന്നിവര്‍ സന്നിഹതരായിരുന്നു.