കോഴിക്കോട്: കണ്ണപ്പന്‍കുണ്ട് അങ്ങാടിയില്‍ ചെറിയ ചായക്കട നടത്തിയായിരുന്നു കാസിമും കുടുംബവും ജീവിതം മുന്നോട്ട് നീക്കിയിരുന്നത്. ആറ്റു നോറ്റുണ്ടാക്കിയ വീടും കന്നുകാലികളും കാലവര്‍ഷത്തിന്റെ കലിതുള്ളലില്‍ ഒലിച്ച് പോയതോടെ ഇനിയെന്ത് എന്ന ചോദ്യം ബാക്കിയാക്കി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണിവര്‍. തിരിച്ച് കിട്ടിയത് ദേഹത്തിട്ട മുണ്ടും ഷര്‍ട്ടും മാത്രം. എട്ടു കന്നുകാലികളില്‍ അഞ്ചെണ്ണത്തെയും കാണാനില്ല. കുടുംബാംഗങ്ങള്‍ മുകളിലത്തെ നിലയിലായതിനാല്‍ തലനാരിഴയ്ക്ക് അവരുടെ ജീവന്‍ തിരിച്ചു കിട്ടി. കാസിമിനെ പോലെ ഒറ്റ രാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ട്  നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്. പലരും ഉരുള്‍ പൊട്ടല്‍ അറിഞ്ഞത് പോലും കനത്ത മഴയില്‍ കട്ടിലടക്കം നനഞ്ഞ് തുടങ്ങിയതോടെയാണ്. 

ബുധനാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് കണ്ടപ്പന്‍കുന്ന് പ്രദേശം മഴവെള്ളപ്പാച്ചിലില്‍ പെട്ട് വെള്ളത്തിനടിയിലായത്. ദിവസങ്ങളായി തുടര്‍ച്ചയായി പെയ്യുന്ന മഴ കഴിഞ്ഞ ദിവസം അതിശക്തമാവുകയും മഴവെള്ളപ്പാച്ചിലിന്റെ രൂപത്തില്‍ രൗദ്രഭാവത്തിലേക്ക് മാറുകയുമായിരുന്നു. പ്രദേശത്തെ അഞ്ച് വീടുകള്‍ പൂര്‍ണമായും മലവെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയിട്ടുണ്ട്. നിരവധി വിടുകള്‍ക്ക് അകത്ത് കൂടെ വെള്ളമൊലിക്കുകയാണ്.  വൈദ്യുതി സംവിധാനം പൂര്‍ണമായും തകര്‍ന്നു.

മലവെള്ളപ്പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ട കാസിമിനെ പോലെ മൈലുള്ളാംപാറ യു പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ ഡെസ്‌ക്കില്‍ തലകുത്തിയിരുന്ന് കരയുകയാണ് കോരങ്ങാട് ഇബ്രാഹിമിന്റെ മകള്‍ സുലൈഖയും കുടുംബവും. സുലൈഖയും മകന്‍ ഷബീറും മരുമകള്‍ റംഷീനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉരുള്‍പൊട്ടിയെന്ന് ആരോ വിളിച്ച് പറയുന്നത് കേട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് മുന്നെ എല്ലാം തീര്‍ന്നിരുന്നു. 

പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമടക്കം എല്ലാം ഒലിച്ച് പോയി. തണുത്ത് വിറച്ച് ദുരിതാശ്വാസ ക്യാമ്പില്‍ ആരൊക്കെയോ കൂടി എത്തിച്ചപ്പോള്‍ തണുപ്പു മാറ്റാന്‍ ആരോ കൊടുത്ത സ്വെറ്റര്‍ മാത്രമാണ് ഉടുവസ്ത്രമല്ലാതെ ഇവരുടെ കയ്യിലുള്ളത്. മഴ കുറഞ്ഞാലും ഇനി എവിടേക്ക് പോവണമെന്നും എന്ത് ചെയ്യണമെന്നും ഇവര്‍ക്കറിയില്ല. ഇങ്ങനെ നിരവധി കുടുംബങ്ങള്‍

മൈലള്ളാംപാറ യു പി സ്‌കൂളിന് പുറമെ മണല്‍ വയല്‍ സ്‌കൂളിലും ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. ഏകദേശം അറുപത് കുടുംബങ്ങളിലെ ഇരുന്നൂറോളം പേരാണ് ഇവിടെ കഴിച്ച് കൂട്ടുന്നത്.

content highlights: story of a victim in kannappankundu landslide, kozhikoe district