ഹരിപ്പാട്: കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ച ഓരാളാണ് താനെന്ന് രമേശ് ചെന്നിത്തല. ആയില്ല, എന്നുവിചാരിച്ച് ഞാന്‍ ഈ പരിപാടി നിര്‍ത്തുന്നില്ല തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടയിലാണ് വലിയ വലിയ സ്വപനങ്ങള്‍ കാണാന്‍ ഉപദേശിച്ച് ചെന്നിത്തല തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്‌. ഹരിപ്പാട് താജൂല്‍ ഉലമ എഡ്യുക്കേഷ്ണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മെറിറ്റ് അവാര്‍ഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം.

'കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ച ഓരാളാണ് ഞാന്‍. ആയില്ല, എന്നുവിചാരിച്ച് ഞാന്‍ ഈ പരിപാടി നിര്‍ത്തുന്നില്ല, തുടരുകയാണ്. അവസാനം വരെ പോരാടും ഒരിക്കല്‍ ഞാന്‍ നേടും എന്നുള്ളതാണ് എന്റെ നിശ്ചയദാര്‍ഢ്യം. ഒരു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ട് ഒന്നും  അവസാനിപ്പിക്കില്ല' 

കുട്ടികള്‍ ചെറിയ ലോകത്തില്‍ ഒതുങ്ങിക്കൂടരുത്. വിദേശ സര്‍വകലാശാലകളില്‍ സ്‌കോളര്‍ഷിപ്പോടെ പഠിച്ചിറങ്ങി വലിയ ജോലികള്‍ നേടാനുള്ള ധാരാളം അവസരങ്ങളുണ്ട്. വെല്ലുവിളികളെ അവസരങ്ങളായി മാറ്റാന്‍ കഴിയണം.

ലക്ഷ്യത്തിലെത്താന്‍ സദാസമയവും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കണം. പ്രശ്നങ്ങളും പ്രതിബന്ധങ്ങളുമുണ്ടാകാം. അവയില്‍ തട്ടി എല്ലാം അവസാനിപ്പിച്ച് പിന്മാറരുതെന്നും പറഞ്ഞ രമേശ് ചെന്നിത്തല ഇതിന് അനുബന്ധമായാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ നിലപാട് വ്യക്തമാക്കിയത്.

Content Highlights: Still dream of becoming Kerala CM, says Ramesh Chennithala