പിടിച്ചെടുത്ത സ്വർണ്ണവും പിടിയിലായ പ്രതികളിൽ രണ്ടു പേരും
കോഴിക്കോട്: കോഴിക്കോട് കല്ലായിയില്‍ സ്വര്‍ണവ്യാപാരിയുടെ ഫ്‌ളാറ്റില്‍നിന്ന് പത്തുകിലോയിലധികം സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികള്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശികളായ ജിതേന്ദ്ര സിങ്, പങ്കജ് സിങ് രജപുത് , പര്‍വീണ്‍ സിങ് എന്നിവരാണ് പിടിയിലായത്. കവര്‍ച്ച നടന്ന ഫ്‌ളാറ്റിലെ ജീവനക്കാരായിരുന്നു ജിതേന്ദ്ര സിങ്. കോഴിക്കോട് കസബ സി.ഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഏപ്രില്‍ മൂന്ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്വര്‍ണവ്യാപാരിയുടെ പതിനൊന്നാം നിലയിലെ ഫ്‌ളാറ്റില്‍ കയറി ജീവനക്കാരനായ രാജസ്ഥാന്‍ സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം അവിടെ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്‌തെന്നതായിരുന്നു പരാതി. ഇതില്‍ കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പരിക്കേറ്റ ജീവനക്കാരന്‍ ജിതേന്ദ്ര സിങ്ങ് ഐ.സി.യുവില്‍ ആയത് അന്വേഷണത്തെ ബാധിച്ചിരുന്നു. സംഭവസ്ഥലത്തെ സി.സി.ടി.വികളും മറ്റും പരിശോധിച്ചതില്‍ ആസൂത്രിതമായിട്ടാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് മനസ്സിലാക്കി. തുടര്‍ന്ന് സ്വര്‍ണവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്.
സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജിന്റെ നിര്‍ദേശപ്രകാരം നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.വി. ജോണിന്റെ കീഴില്‍ കസബ സിഐ ഷാജഹാന്റെ നേതൃത്വത്തില്‍ സിറ്റിയിലെ ഡാന്‍ സാഫ് അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജിതേന്ദ്ര സിങ്ങിന്റെ സഹായം കൂടാതെ പുറത്ത് നിന്നുള്ള ഒരാള്‍ക്കും കവര്‍ച്ച നടത്താന്‍ സാധിക്കില്ല എന്ന് അന്വേഷണസംഘം മനസ്സിലാക്കി. ഇയാളെ പലതവണ മാറി മാറി ചോദ്യ ചെയ്യുകയാരുന്നു. ഇതോടെ കവര്‍ച്ച നടത്തിയത് താനടക്കമുള്ള ഉള്ള മൂന്ന് രാജസ്ഥാന്‍ സ്വദേശികള്‍ ആണെന്ന് ജിതേന്ദ്ര സിങ് പോലീസിനോട് സമ്മതിച്ചു.
കവര്‍ച്ചയ്ക്കായി രാജസ്ഥാന്‍ സ്വദേശികളായ പങ്കജ് സിങ് രജപുത്, പര്‍വീണ്‍ സിങ്ങ് എന്നിവരെ ഫ്‌ളാറ്റിന് സമീപത്തുള്ള ലോഡ്ജില്‍ മുറിയെടുത്ത് താമസിപ്പിച്ച് മോഷണത്തിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയെടുക്കുകയാണ് ജിതേന്ദ്ര സിങ് ചെയ്തത്. സംഭവദിവസം രാത്രി ജിതേന്ദ്ര സിങ് കൂടെയുണ്ടായിരുന്ന ജീവനക്കാരനെ ഭക്ഷണം വാങ്ങാനെന്ന വ്യാജേന പുറത്തു പറഞ്ഞയച്ചു. ഈ സമയം ലോഡ്ജില്‍ താമസിച്ച പ്രതികള്‍ ഫ്‌ളാറ്റില്‍ എത്തി. ഒരാളെ ഫ്‌ളാറ്റിനു മുന്നില്‍ കാവല്‍ നിര്‍ത്തി. മറ്റൊരാള്‍ ജിതേന്ദ്ര സിങ്ങിന് ഒപ്പം ഫ്‌ളാറ്റില്‍ എത്തി. ജിതേന്ദ്ര സിങ് ഫ്‌ളാറ്റിന്റെ വാതില്‍ തുറന്നുകൊടുക്കുകയും സി.സി.ടി.വി. ഓഫ് ചെയ്ത് അനുകൂലമായ സാഹചര്യം ഒരുക്കുകയും ചെയ്തു. ശേഷം ഇരുവരും ചേര്‍ന്ന് ഫ്‌ളാറ്റിലെ രഹസ്യ അറകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. ജിതേന്ദ്ര സിങ് പോലീസിനെയും മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിക്കുന്നതിനായി സ്വന്തം ശരീരത്തില്‍ കത്തികൊണ്ട് കുത്തി മുറിവുണ്ടാക്കി. മല്‍പ്പിടുത്തം നടത്തി കവര്‍ച്ച ചെയ്തതാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച് ബോധരഹിതനായെന്ന് അഭിനയിച്ച് തറയില്‍ കിടക്കുകയുമായിരുന്നു.
ജിതേന്ദ്ര സിങ്, പങ്കജ് സിങ് രജപുത്, പര്‍വീണ്‍ സിങ് എന്നിവരാണ് പ്രതികളെന്ന് മനസ്സിലായതിനെ തുടര്‍ന്ന് അന്വേഷണസംഘം രാജസ്ഥാനിലേക്ക് പുറപ്പെട്ടു. രാജസ്ഥാന്‍-ഗുജറാത്ത് അതിര്‍ത്തിയിലുള്ള പ്രതികളുടെ വീട് കണ്ടെത്തി. എന്നാല്‍ പ്രതികള്‍ വീട്ടില്‍ ഇല്ലെന്ന് പോലീസിന് മനസ്സിലായി. പ്രതികള്‍ മുംബൈയില്‍ ഉണ്ടെന്ന് മനസിലായതിന് പിന്നാലെ അന്വേഷണസംഘം അവിടേക്ക് പോയി. എന്നാല്‍ പോലീസ് സാന്നിധ്യം മനസ്സിലാക്കിയ പ്രതികള്‍ അവിടെനിന്നും ഗോവയിലേക്ക് രക്ഷപ്പെട്ടിരുന്നു.
തുടര്‍ന്ന് പോലീസ് സംഘം ഗോവയിലേക്ക് തിരിച്ച് ഗോവയില്‍ നിന്നും പ്രതികളെ അതിസാഹസികമായി പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ മുംബൈയിലെ പത്തോളം കുടുംബ സുഹൃത്തുക്കളുടെ വീട്ടില്‍ എട്ടു കിലോയോളം സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട് പോലീസിനോട് സമ്മതിച്ചു. മുംബൈയിയില്‍ എത്തിയ അന്വേഷണസംഘം വിശാല്‍ ഘട്ട് ചേരിയില്‍ നിന്ന് അതി സാഹസികമായി രാത്രി പത്തോളം വീടുകളില്‍ തിരച്ചില്‍ നടത്തി രാവിലെ 5 മണി ആവുമ്പോഴേക്കും എട്ടു കിലോയോളം സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. വീണ്ടും ചോദ്യം ചെയ്തതില്‍ ബാക്കിയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പര്‍വീണ്‍ സിങ്ങിന്റെ കൈവശമാണെന്ന് മനസിലാക്കാന്‍ സാധിച്ചു. അന്വേഷണ സംഘത്തില്‍ കസബ ഇന്‍സ്‌പെക്ടര്‍ യു.കെ. ഷാജഹാന്‍ .എസ്.ഐ. ശ്രീജേഷ്, ഡാന്‍ സാഫ് അംഗങ്ങളായ എ.എസ്.ഐമാരായ മുഹമ്മദ് ഷാഫി ,സജി എം, എസ്.സി.പി.ഒമാരായ അഖിലേഷ് , ജോമോന്‍ സി.പി.ഒ. ജിനേഷ്, കസബ സ്റ്റേഷനിലെ എസ്. സി.പി.ഒമാരായ രതീഷ്, ശിവദാസന്‍ സി., രഞ്ജീഷ് ഷറീന, സി പി ഒ വിഷ്ണു എന്നിവരും ഉണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..