തിരുവനന്തപുരം: ക്വാറന്റൈന്‍ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തത്തില്‍ പെട്ടതാണെന്നും അക്കാര്യങ്ങളെല്ലാം സംസ്ഥാനമാണ് നിര്‍വഹിക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരികെയെത്തുന്ന പ്രവാസികളുടെ ക്വാറന്റൈനുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രവാസികളെ വന്നയുടന്‍ തന്നെ ക്വാറന്റൈനിലാക്കും. ഏഴാമത്തെ ദിവസം ഇവരെ പി.സി.ആര്‍. ടെസ്റ്റിന് വിധേയരാക്കും. പി.സി.ആര്‍. ടെസ്റ്റില്‍ കോവിഡ് പോസിറ്റീവായ ആള്‍ക്കാരുണ്ടെങ്കില്‍ അവരെ ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവര്‍ വീട്ടിലേക്ക് പോയി ക്വാറന്റൈനില്‍ തുടരണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ചെറിയ കുട്ടികളേയും വീടുകളിലെ ക്വാറന്റൈനില്‍ തന്നെയായിരിക്കും പാര്‍പ്പിക്കുക. രോഗികളായവരുടെ കാര്യത്തില്‍ കൃത്യമായ രോഗനിര്‍ണയം നടത്തിയ ശേഷം അതിന്റെ ഭാഗമായ തീരുമാനങ്ങളായിരിക്കും എടുക്കുക. ആരോഗ്യവിദഗ്ധരുമായി കൂടിയാലോചിച്ച് മാത്രമേ ക്വാറന്റൈന്‍ സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമതീരുമാനം എടുക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

മടങ്ങി വരുന്ന പ്രവാസികളെ പതിനാല് ദിവസം ക്വാറന്റൈന്‍ ചെയ്യണം എന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാനത്ത് ഇത് ഏഴ് ദിവസം മതിയെന്ന് കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

അതേസമയം, കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരുന്നതില്‍ നേരത്തെ അവ്യക്തത നിലനിന്നിരുന്നുവെങ്കിലും ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തെയും പ്രവാസികളെ എത്തിക്കാനുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ പെടുത്തിക്കൊണ്ട് കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളതായി മുഖ്യമന്ത്രി വ്യക്തമാക്കി. 

content highlight: state will take decision in quarantine period of the expatriates says kerala cm pinarayi vijayan