തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നീട്ടാനുള്ള സാധ്യത കേരള സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. 

രാജ്യത്ത് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗണ്‍ നീട്ടാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും ഇത് എല്ലാവര്‍ക്കും ബാധകമാണെന്നും മന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി രണ്ടുദിവസം മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. അപ്പോള്‍ മെയ് മാസം പതിനഞ്ചാം തീയതി വരെ സംസ്ഥാനന്തര യാത്രകള്‍ അനുവദിക്കരുത് എന്നാണ് കേരളത്തിന്റെ അഭിപ്രായമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 

മെയ് മാസം പതിനഞ്ചാം തീയതി വരെ ലോക്ക് ഡൗണില്‍ നമ്മുടെ സംസ്ഥാനത്തിന്റെ സാഹചര്യത്തിനനുസരിച്ച് എന്തൊക്കെ ഇളവുകള്‍ ചെയ്യാന്‍ കഴിയുമെന്ന് മൂന്നാം തീയതിക്ക് ശേഷം തീരുമാനിക്കാം എന്നാണ് അന്നത്തെ ചര്‍ച്ചയില്‍ പറഞ്ഞിരുന്നത്. 

ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തില്‍ അതില്‍ എന്തൊക്കെ മാറ്റം വരുത്തണം എന്നത് സംസ്ഥാന തലത്തില്‍ കൂടിയാലോചിച്ച് മാത്രമേ തീരുമാനിക്കാനാവൂ. 

വരുംദിവസങ്ങളില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന യോഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കി തീരുമാനങ്ങള്‍ ഉണ്ടാവുക. 

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് വേണ്ട സോണുകളും, പ്രത്യേക ഹോട്ട് സ്‌പോട്ടുകളും നിര്‍ണയിച്ചിട്ടുണ്ടായിരുന്നുവെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. 

content highlight: state welcomes central ministry's decision to extend lockdown says minister e chandrasekharan