
കെ.ഇ.എൻ. കുഞ്ഞഹമ്മദ് | ഫോട്ടോ: എൻ.എം. പ്രദീപ് മാതൃഭൂമി
ഹിറ്റ്ലറും മുസ്സോളിനിയും പ്രതിനിധാനം ചെയ്ത ക്ലാസ്സിക്കല്‍ ഫാസിസം ഇനിയിപ്പോള്‍ അതുപോലെ ആവര്ത്തിക്കപ്പെടുകയില്ലെന്നും ഇന്ത്യ ഇന്നിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് അതിനേക്കാള്‍ മാരകമായ നവ ഫാസിസമാണെന്നും ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറയുന്നു. ''ഇന്ത്യയിലിന്നുള്ളത് ഫാസിസമല്ല എന്ന് വാദിക്കുന്നവരുണ്ട്. ഇവര്‍ മനസ്സിലാക്കേണ്ടത് ക്ലാസ്സിക്കല്‍ ഫാസിസമല്ല നവ ഫാസിസമാണ് ഇന്ത്യന്‍ ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യമാണ്.''
കെ.ഇ.എന്നുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്:
2019 നവംബര്‍ ഒമ്പതിന് അയോധ്യയിലെ ഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിനായി കൈമാറിക്കൊണ്ടുള്ള സുപ്രീം കോടതി വിധി ജനാധിപത്യ വിശ്വാസികള്‍ ഞെട്ടലോടെയാണ് കണ്ടത്. 1949-ല്‍ ബാബറി മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിച്ചതും 1992-ല്‍ പള്ളി പൊളിച്ചതും ഗുരുതരമായ നിയമലംഘനമായിരുന്നുവെന്ന് നിരീക്ഷിച്ചപ്പോള്‍ തന്നെ ഭൂമിയുടെ ഉടമസ്ഥത രമാജന്മഭൂമി ട്രസ്റ്റിന് കൈമാറുകയാണെന്നാണ് ഭരണഘടനയുടെ 142-ാം വകുപ്പനുസരിച്ചുള്ള സവിശേഷ അധികാരം പ്രയോഗിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് വിധിയെഴുതിയത്. ഈ വിധി വിമര്ശിക്കപ്പെട്ടപ്പോഴും പള്ളി പൊളിച്ചവര്‍ ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു. സി.ബി.ഐ. പ്രത്യേക കോടതി വിധി ഈ പ്രതീക്ഷയും തകര്ത്തിരിക്കെ താങ്കള്‍ക്കെന്താണ് പറയാനുള്ളത്?
2019-ലെ സുപ്രീം കോടതി വിധി വരും മുമ്പ് ആര്.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവതിന്റെ ഒരു പ്രസ്താവനയുണ്ടായിരുന്നു. വളരെയധികം സവിശേഷമായിരുന്ന ആ പ്രസ്താവന എന്തുകൊണ്ടോ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പെടാതെ പോയി. ആ പ്രസ്താവന വിശകലനം ചെയ്തുകൊണ്ടുവേണം സമകാലിക സംഭവവികാസങ്ങള്‍ വിലയിരുത്തപ്പെടേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്. മോഹന്‍ ഭാഗവത് പറഞ്ഞത് പ്രധാനമായും ഇതാണ്. സംഘത്തിന്റെ തുടക്കത്തില്‍ ഒരു ഇരുപത് കൊല്ലത്തോളം അവഗണനയുടെ കാലമായിരുന്നു. പിന്നീട് കുറച്ചു കാലം എതിര്പ്പിന്േറതായിരുന്നു. ഇപ്പോള്‍ സംഘത്തിന് വിജയകാലമാണ്.
1925-ല്‍ നിലവില്‍ വന്ന ആര്.എസ്.എസ്. സ്വാതന്ത്ര്യ സമരത്തോട് മുഖം തിരിഞ്ഞുനിന്നതുകാരണം ഇന്ത്യന്‍ ജനത പൊതുവെ ആ സംഘടനയെ തുടക്കത്തില്‍ അവഗണിച്ചുവെന്നത് ശരിയാണ്. ആര്.എസ്.എസ്. അര്‍ഹിച്ച അവഗണനയായിരുന്നു അത്. ഗാന്ധി വധത്തെ തുടര്‍ന്നാണ് ആര്.എസ്.എസിനെതിരെ ഇന്ത്യന്‍ സമൂഹത്തില്‍ കനത്ത എതിര്പ്പുടലെടുത്തത്. പിന്നീട് അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ആര്.എസ്.എസ്. പൊതുസമൂഹത്തിന്റെ സ്വീകാര്യതയിലേക്ക് വരുന്നത്. 2104-ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ ആര്.എസ്.എസിന്റെ വിജയകാലമാവുകയും ചെയ്തു. ഒരു സാംസ്കാരിക സംഘടനയാണെന്ന് സ്വയം അവകാശപ്പെടുന്ന ആര്.എസ്.എസ്. വാസ്തവത്തില്‍ ബി.ജെ.പി. എന്ന രാഷ്ട്രീയ പാര്‍ട്ടിയെ നിര്‍ണ്ണയിക്കുകയും നിര്‍വ്വചിക്കുകയും മാത്രമല്ല അതിന്റെ മുകളിലിരുന്ന് നിയന്ത്രിക്കുക കൂടി ചെയ്യുന്ന കാഴ്ചയാണ് നമ്മള് ഇപ്പോള്‍ കാണുന്നത്.
രണ്ടാം ഭാഗം:ആര്.എസ്.എസിന്റെ സാംസ്കാരിക മേല്‍ക്കോയ്മ തടയുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു: കെ.ഇ.എന്‍.
നിലവിലെ സാഹചര്യം ഉയര്‍ത്തുന്ന സുപ്രധാന ചോദ്യങ്ങളിലൊന്ന് നമ്മുടെ ഭരണഘടന സ്ഥാപനങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്നാണ്. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ മൂന്ന് തൂണുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റിനും ഭരണകൂടത്തിനും ജുഡീഷ്യറിക്കും സംഭവിക്കുന്ന ഇടര്‍ച്ചകളും വീഴ്ചകളുമാണ് പൗരസമൂഹത്തെ ആശങ്കയിലാഴ്ത്തുന്നത്. പാര്‍ലമെന്റ് നിര്‍വ്വീര്യമാക്കപ്പെടുന്നു, ഭരണകൂടം ഭൂരിപക്ഷ മതവിഭാഗത്തിന്റെ വക്താക്കളാവുന്നു, ജുഡീഷ്യറി ഭരണകൂടത്തിന്റെ തന്നെ തുടര്‍ച്ചയാവുകയാണോ എന്ന സംശയമുണ്ടാവുന്നു. ഒരു തൂണൊന്ന് ഇളകിയാല്‍ മറ്റു തൂണുകള്‍ ആ ഇളക്കം തടയുമെന്നും അങ്ങിനെ ജനാധിപത്യം സംരക്ഷിക്കപ്പെടുമെന്നുമുള്ള ഭരണഘടന ശില്പികളുടെ കാഴ്ചപ്പാടിനല്ലേ ഇപ്പോള്‍ ക്ഷതമേല്ക്കുന്നത്?
ഇവിടെയാണ് നമ്മള് ക്ലാസ്സിക്കല്‍ ഫാസിസവും നവ ഫാസിസവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത്. 1930-കളില്‍ ഇറ്റലിയിലും ജര്‍മ്മനിയിലും നടപ്പാക്കപ്പെട്ട ക്ലാസ്സിക്കല്‍ ഫാസിസം ജനാധിപത്യ പ്രക്രിയയെ സമൂലം അട്ടിമറിച്ചുകൊണ്ടാണ് മുന്നേറിയത്. അതേ മാതൃക ഇനിയിപ്പോള്‍ ആവര്ത്തിക്കപ്പെടില്ല. ഇന്നിപ്പോള്‍ പല സുഹൃത്തുക്കളും ചോദിക്കുന്നത് ഇവിടെ ഫാസിസമുണ്ടോ എന്നാണ്. കാരണം ഇവിടെ പാര്‍ലമെന്റുണ്ട്, ജുഡീഷ്യറി പ്രവര്‍ത്തിക്കുന്നുണ്ട്, ഭരണഘടനയുണ്ട്. ഇന്നിപ്പോള്‍ നമ്മള് കാണുന്നത് ക്ലാസ്സിക്കല്‍ ഫാസിസത്തേക്കാള്‍ പ്രഹരശേഷിയുള്ള നവ ഫാസിസമാണെന്നതാണ് വസ്തുത.
വളരെ സവിശേഷമായ സാഹചര്യമാണിത്. പാര്‍ലമെന്റ് നിലനില്ക്കുന്നു. പക്ഷേ, പാര്‍ലമെന്റില്‍ നടക്കേണ്ട ചര്‍ച്ചകള്‍ നടക്കുന്നില്ല, ബില്ലുകള്‍ ഏകപക്ഷീയമായി പാസ്സാക്കപ്പെടുന്നു. ഭരണഘടനയുണ്ട് പക്ഷേ, ഭരണഘടനയുടെ മൂല്യങ്ങള്‍ ആസൂത്രിതമായി ലംഘിക്കപ്പെടുന്നു. ജനാധിപത്യമുണ്ടെന്ന പ്രതീതിയുണ്ട് പക്ഷേ, സൂക്ഷ്മതലത്തില്‍ ജനാധിപത്യം നിഷേധിക്കപ്പെടുകയാണ്. ക്ലാസിക്കല്‍ ഫാസിസ്റ്റുകള്‍ക്ക് സാധിക്കാതിരുന്ന തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജാതിമേല്‍ക്കോയ്മ എന്ന സവിശേഷ ഇന്ത്യന്‍ സാഹചര്യമാണ് ഈ പുതു ഫാസിസത്തിന്റെ അടിത്തറ. ജാതിമല്േക്കോയ്മയുടെ സംഘടിതരൂപമായാണ് ആര്.എസ്.എസ്. നിലവില്‍ വന്നത്. 1852-ല്‍ രൂപം കൊണ്ട ഗോരക്ഷക സംഘടനയിലേക്കും 1884 ലെ രാമസഭയിലേക്കും പിന്നീട് 1915 ലെ ഹിന്ദുമഹാസഭയിലേക്കുമൊക്കെ ആര്.എസ്.എസിന്റെ വേരുകള്‍ നീളുന്നുണ്ട്.
ഒരു സാംസ്കാരിക സംഘടനയായി പ്രവര്‍ത്തനം തുടങ്ങിയ ആര്.എസ്.എസിന് ഗാന്ധിവധത്തോടെ കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നപ്പോഴാണ് 1951-ല്‍ ജനസംഘത്തിന് രൂപം നല്‍കിയത്. 1975-ല്‍ അടിയന്തരവാസ്ഥയ്ക്കെതിരെയുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് 1980-ല്‍ ജനസംഘം ബി.ജെ.പിയായി മാറിയത്. അപ്പോഴൊക്കെ ആര്.എസ്.എസ്. പിന്നിലും ജനസംഘവും ബി.ജെ.പിയും മുമ്പിലുമെന്നതായിരുന്നു അവസ്ഥ. പക്ഷേ, 1992-ലെ ബാബ്റി മസ്ജിദ് തകര്‍ക്കല്‍, 1999-ലെ ഗ്രഹാം സ്റ്റൈന്‍സ് വധം, 2002-ലെ ഗുജറാത്ത് കലാപം, 2008-ലെ കാണ്ഡമല്‍ ക്രിസ്ത്യന്‍ വേട്ട എന്നിവയോടെ ബി.ജെ.പി. പിന്നിലാവുകയും ആര്.എസ്.എസ.് മുന്നിലെത്തുകയും ചെയ്തു. ഇങ്ങനെ ആര്.എസ്.എസ്. മുന്നിലേക്കു വരുന്ന കാലത്തെ രാഷ്ട്രീയ നേതൃത്വമാണ് നരേന്ദ്ര മോദി. ഈ കാലഘട്ടത്തിന്റെ വിജയാഹ്ളാദ പ്രഖ്യാപനമാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയിലുണ്ടായിരുന്നത്. ഇതോടൊപ്പം നവ ഫാസിസത്തിന്റെ അടരുകള്‍ കൂടി ചേര്‍ത്തുവെയ്ക്കുമ്പോള്‍ നമുക്ക് സമകാലിക ഇന്ത്യയുടെ അവസ്ഥ മനസ്സിലാക്കാനാവും.
ആര്.എസ്.എസ്. ബി.ജെ.പിയുടെ മുകളിലേക്ക് വന്നതിന്റെ പ്രത്യക്ഷ ഉദാഹരണം തന്നെയല്ലേ 2017-ലെ യു.പി. നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികളെ ഞങ്ങള്‍ നിര്‍ത്തുന്നില്ല എന്ന ബി.ജെ.പിയുടെ പ്രഖ്യാപനം. യു.പിയിലെ ജനസംഖ്യയില്‍ 20 ശതമാനം വരുന്ന മുസ്ലിങ്ങളെ ഞങ്ങള്‍ പ്രതിനിധാനം ചെയ്യുന്നില്ല ഈ നിലപാടിന്റെ അനുരണനങ്ങള്‍ അല്ലേ ഇന്നിപ്പോഴുണ്ടായിട്ടുള്ള സംഭവവികാസങ്ങളിലും അലയടിക്കുന്നത്?
ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിധിയില്‍ ആള്‍ക്കൂട്ടത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. വൈകാരികതയാല്‍ ഉന്മത്തരായ ആള്‍ക്കൂട്ടമാണ് പള്ളിയുടെ തകര്‍ച്ചയ്ക്ക് കാരണമായതെന്നാണ് വിധിയിലുള്ളത്. ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട അദ്വാനിയെയും ഉമാഭാരതിയെയും പോലുള്ള നേതാക്കള്‍ വാസ്തവത്തില്‍ ഈ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും തടയാനുമാണ് ശ്രമിച്ചതെന്നും പരാമര്‍ശമുണ്ട്. ഒരു സാംസ്കരിക പ്രവര്‍ത്തകനെന്ന നിലയില്‍ എനിക്ക് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത് ഈ നേതാക്കള്‍ക്ക് കാര്യമായ പുരസ്കാരങ്ങള്‍ എന്തെങ്കിലും കൊടുക്കണമെന്നാണ്. വാസ്തവത്തില്‍ വല്ലാത്തൊരു തമാശയാണിത്. നമ്മുടെ സമൂഹത്തില്‍നിന്ന് നര്‍മ്മബോധം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് നിരീക്ഷണമുണ്ട്. ചിലപ്പോള്‍ ഇങ്ങനെയൊക്കെയാവും നമ്മള് ഇതിനെ മറികടക്കുന്നത്. ആനന്ദിന്റെ ആള്‍ക്കൂട്ടം എന്ന നോവലിലെ ആള്‍ക്കൂട്ടത്തെ മറികടക്കുന്ന ആള്‍ക്കൂട്ടമാണിത്. ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ മാജിക്കല്‍ റിയലിസത്തില്‍ കാണുന്ന അതീത യാഥാര്‍ത്ഥ്യങ്ങളുടെ ആവിഷ്്കാരം പോലെയാണിത്. പാലാരിവട്ടം പാലം പൊളിക്കാന്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ട ഒരു കാര്യവുമില്ല. ഈ ആള്‍ക്കൂട്ടത്തെ ഇറക്കിയിരുന്നെങ്കില്‍ പാലം എപ്പോള്‍ പൊളിഞ്ഞുവെന്ന് മാത്രം നോക്കിയാല്‍ മതി. മാത്രമല്ല, ബാബറി മസ്ജിദ് പൊളിച്ചതില്‍ പാക്കിസ്താന് പങ്കുണ്ടായിരുന്നോ എന്ന് കൂടി അന്വേഷിക്കാന്‍ സി.ബി.ഐ. ശ്രമിച്ചില്ല എന്ന നിരീക്ഷണവുമുണ്ടത്രെ! ആര്.എസ്.എസ്. മുന്നിലെത്തുന്ന കാലത്തിന്റെ അടയാളങ്ങളാണ് ഈ സംഭവവികാസങ്ങള്‍ക്ക് മേല്‍ തെളിഞ്ഞുകിടക്കുന്നത്.
( തുടരും )
Content Highlights:
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..