തിരുവനന്തപുരം: കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട തന്നെ മഴക്കാലപൂര്‍വ്വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാറ്റിവെക്കാന്‍ കഴിയാത്ത പ്രവര്‍ത്തനമാണ് മഴക്കാലപൂര്‍വ്വ ശുചീകരണം. മഴക്കാലത്ത് സാധാരണ പലതരം പനിയും പകര്‍ച്ചവ്യാധികളും മറ്റ് അസുഖങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെന്നും വീടും പൊതുസ്ഥലങ്ങളും ശുചിയായി സൂക്ഷിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി നേരത്തെ നിര്‍ദേശിച്ചിരുന്നു.
മുഖ്യമന്ത്രി പ്രധാനമായും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ താഴെ;
വീടുകള്‍ സ്വന്തമായി വൃത്തിയാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രോത്സാഹനം നല്‍കണം. ഹോട്സ്പോട്ട് ജില്ലകളിലും വീടും പരിസരവും വൃത്തിയാക്കാനാകണം. പൊതുസ്ഥലങ്ങളും കെട്ടിടങ്ങളും ഓഫീസുകളും ഒരു ദിവസം ശുചീകരണം നടത്തണം. നിശ്ചിത അകലം പാലിച്ച് അഞ്ചില്‍ കൂടുതലല്ലാതെ ആളുകളെ ഉപയോഗിച്ച് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ ആലോചിക്കണം.
വെള്ളക്കെട്ട് ഉണ്ടാകാതെ ശ്രദ്ധിക്കണം. ഖരമാലിന്യങ്ങള്‍ ഓടകളിലും അഴുക്കുചാലുകളിലും നിക്ഷേപിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ഇത്തരം സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്ത് പ്രാദേശികമായി സംസ്കരിക്കാന്‍ സംവിധാനം ഉണ്ടാക്കണം. ആവശ്യമായ ബോധവല്‍ക്കരണവും ഇക്കാര്യത്തില്‍ നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കുളങ്ങളും, തോടുകളും വൃത്തിയാക്കണം. ഹരിതകര്‍മസേന, സാമൂഹ്യസന്നദ്ധ സേന എന്നിവയുടെ ഏകോപന പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടാകണം. അതിഥിതൊഴിലാളികളെ കൂടി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണം. ഏതെങ്കിലും തരത്തിലുള്ള പനി വന്നാല്‍ സ്വയം ചികിത്സ പാടില്ലെന്നും നിര്‍ബന്ധമായും ഡോക്ടറെ കാണണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
തദ്ദേശ സ്ഥാപന അതിര്‍ത്തിയിലെ എല്ലാ റോഡുകളും നല്ല റോഡുകളാക്കി മാറ്റാന്‍ തീവ്രയത്ന പരിപാടി എത്രയും പെട്ടെന്ന് ആരംഭിക്കും. കുടിവെളളം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം.
അതേസമയം, ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എന്‍1 എന്നിവ വരാതിരിക്കാന്‍ പരിസര ശുചീകരണം പ്രധാനമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയും പറഞ്ഞു പറഞ്ഞു. കോളറ, മഞ്ഞപ്പിത്തം എന്നിവക്കെതിരെയും ജാഗ്രത വേണമെന്നും നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളിലെ കൊതുക് നിര്‍മാര്‍ജനം ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാട്ടിലെ മൃഗങ്ങള്‍ക്ക് വെള്ളം കൊടുക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, ടി.പി. രാമകൃഷ്ണന്, ജെ. മേഴ്സിക്കുട്ടിയമ്മ, പ്രൊഫ. സി. രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, റവന്യൂ വകുപ്പ് പിന്‍സിപ്പല്‍ സെക്രട്ടറി വി. വേണു, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് ഖൊബ്രഗഡെ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്, ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
content highlight: state must take prevention methods to avoid rainy season diseases obeying lockdown standards says cm
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..