കോഴിക്കോട്: ശബരിമല പ്രശ്‌നം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംഘര്‍ഷാവസ്ഥ സമൂഹികാന്തരീക്ഷത്തെ മാത്രമല്ല സാമ്പത്തികസുരക്ഷിതത്വത്തെയും തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 50 കോടി രൂപയോളം ധനസഹായം നല്‍കുന്നുണ്ട്. സന്ദര്‍ശകരുടെ കുറവ് ക്ഷേത്രവരുമാനം കുറയ്ക്കും. അത് സര്‍ക്കാരിന് സാമ്പത്തികബാധ്യത സൃഷ്ടിക്കും. 

സന്ദര്‍ശകര്‍ കുറയുമ്പോള്‍ സംസ്ഥാനത്തെ വ്യാപാരമേഖലയെ അത് പ്രതികൂലമായി ബാധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ഇത് ജിഎസ്ടി വരുമാനത്തില്‍ സാരമായ കുറവു വരുത്താനിടയാക്കുമെന്നും സംസ്ഥാനം അഭിമുഖീകരിച്ച പ്രളയത്തിന്റെ ഫലമായി  ജിഎസ്ടിയില്‍ പ്രതീക്ഷിച്ച വരുമാനമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

സമരം ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ ഓര്‍മിക്കണമെന്നും വിവേകപൂര്‍വം പെരുമാറണമെന്നും മന്ത്രി ഓർമിപ്പിച്ചു. 

Content Highlights: Sabarimala, Thomas Isaac, Economic Crisis, GST