തിരുവനന്തപുരം: സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നു. കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്ത് നിന്നും ഹൃദയം കൊണ്ടുപോവാനാണ് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്ടര്‍ ഉപയോഗിക്കുന്നത്.
ഇന്ന് രാവിലെ ഏഴ് മണിയോടെ കൊച്ചി ലിസി ആശുപത്രിയില്‍ നിന്നും ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം തിരുവനപുരത്തേക്ക് തിരിച്ചിട്ടുണ്ട്. തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌കമരണം സംഭവിച്ച 50 വയസ്സുള്ള സ്ത്രീയുടെ ഹൃദയവുമായി ഇന്നുച്ചയ്ക്ക് 2 മണിയോടെ കൊച്ചിയിലേക്ക് എയര്‍ ആംബുലന്‍സ് തിരിക്കും. രാവിലെ 11 മണിയോടെയാണ് കിംസില്‍ ശസ്ത്രക്രിയ നടക്കുക.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പോലീസിനായി ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കാന്‍ ഒന്നരക്കോടി രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും കൈമാറിയത് വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. കോവിഡ് പ്രതിസന്ധിമൂലമുള്ള ചെലവ് ചുരുക്കലിനിടെ ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നതിനായി പവന്‍ഹാന്‍സ് കമ്പനിക്ക് 1.5 കോടി രൂപ കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത് അമിത ധൂര്‍ത്താണെന്ന് വിമര്‍ശമുയര്‍ന്നു. അതേസമയം പണം പിന്‍വലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച് ഫെബ്രുവരിയില്‍ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നുവെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
സ്വന്തമായി ഹെലികോപ്ടര്‍ വാങ്ങുന്നതിനേക്കാള്‍ വാടകക്ക് എടുക്കുന്നതാണ് നല്ലതെന്ന് മനസിലാക്കിയാണ് വാടകക്ക് എടുത്തത്. സംസ്ഥാനത്തിന്റെ കയ്യില്‍ ഹെലികോപ്ടര്‍ ഇല്ലാത്തത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ പ്രതികരിച്ചു.
Content Highlights: State Government hired Helicopter to use as Air Ambulance