തിരുവനന്തപുരം: കോവിഡ് പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രകാരം 8448016 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് ഇതുവരെ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആകെ 86,19,951 കിറ്റുകളാണ് റേഷന്‍ കടകള്‍ക്ക് ലഭ്യമാക്കിയതെന്നും ഇനിയും 17,19,035 കിറ്റുകള്‍ സ്‌റ്റോക്കുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

പതിനേഴ് ഇനം പലവ്യഞ്ജനങ്ങള്‍ തുണിസഞ്ചിയിലാക്കിയാണ് വിതരണം ചെയ്തത്. ഇവ സഞ്ചിയിലാക്കുന്നതിന് വോളണ്ടിയര്‍മാര്‍ വലിയ സേവനമാണ് അനുഷ്ഠിച്ചത്. ഈ കിറ്റുകള്‍ തയ്യാറാക്കുന്നതിനായി വോളണ്ടിയര്‍മാര്‍ സമയപരിധി ഇല്ലാതെതന്നെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത കാണിച്ചിരുന്നു - മുഖ്യമന്ത്രി പറഞ്ഞു.  

സമയബന്ധിതമായി കിറ്റ് വിതരണം പൂര്‍ത്തിയാക്കിയ ജീവനക്കാരേയും തൊഴിലാളികളേയും റേഷന്‍കട ഉടമകളേയും വോളണ്ടിയര്‍മാരേയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പതിനേഴ് ഇനം പലവ്യഞ്ജനങ്ങള്‍ അടങ്ങിയ ഒരു കിറ്റിന്റെ വിപണിവില 1042.25  രൂപയാണ്. എന്നാല്‍ ഗോഡൗണ്‍, ലോഡിങ്, അണ്‍ലോഡിങ്, പാക്കിങ്, വിതരണം എന്നിവയ്‌ക്കെല്ലാം ചേര്‍ത്ത് സംസ്ഥാനത്തിന് വന്ന യഥാര്‍ത്ഥ ചെലവ് കിറ്റ് ഒന്നിന് 974.3  രൂപയാണ് - മുഖ്യമന്ത്രി പറഞ്ഞു.  

കോവിഡ് പാക്കേജിന്റെ ഭാഗമായ സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ വിതരണ ഇനത്തില്‍ സംസ്ഥാനത്തിന് ആകെ 850.13 കോടി രൂപ ചെലവ്‌ വന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. 

content highlight: state government have distributed 8448016 packets of commodity products for free says kerala cm