
ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി വടക്കാഞ്ചേരി നഗരസഭയിൽ യു.എ.ഇ റെഡ് ക്രസന്റിന്റെ സഹായത്തിൽ പണികഴിപ്പിക്കുന്ന പാർപ്പിട സമുച്ചയം| ഫോട്ടോ: മാതൃഭൂമി
കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരേ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. കേസിൽ സി.ബി.ഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
സി.ബി.ഐയുടെ എഫ്.ഐ.ആർ. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് ഹർജിയിൽ സർക്കാർ ചൂണ്ടിക്കാണിച്ചു. കരാറിൽ സർക്കാറിന് പങ്കില്ലെന്നും ഫ്ളാറ്റ് നിർമാണത്തിനുള്ള കരാർ റെഡ് ക്രെസന്റും യൂണിടാകും തമ്മിലാണെന്നും ഹർജിയിൽ സർക്കാർ വിശദീകരിച്ചു.
അടിയന്തരമായി ഹർജി നാളെ പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. അന്വേഷണത്തിനെതിരേ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐ. അന്വേഷണത്തിനെതിരേ അപ്പീൽ പോവാൻ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെ കുറിച്ച് സംസ്ഥാന സർക്കാരിനെ അറിയിക്കാതെ സി.ബി.ഐ. കേസെടുത്ത് അന്വേഷണം ആരംഭിച്ചതാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്. ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണ് രാജ്യത്തെ അഴിമതി കേസുകൾ സി.ബി.ഐ. അന്വേഷിക്കുന്നത്. ഇതിന് സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. എന്നാൽ കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി സി.ബി.ഐക്ക് മുൻകൂട്ടി നൽകിയിട്ടുണ്ട്. ഈ അനുമതി പിൻവലിക്കാൻ കേരളത്തിന് കഴിയുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
content highlights:state government file appeal in highcourt on life mission cbi enquiry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..