തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ ടാക്‌സി നിരക്കുകള്‍ കൂടുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. നിലവിലെ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ട് മാസത്തിനു ശേഷമേ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരുകയുള്ളു. തിരുവനന്തപുരത്ത് ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയന്‍ നേതാക്കളുമായി തൊഴില്‍ ഗതാഗതമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. രണ്ടു മാസത്തിനുള്ളില്‍ നിരക്കു വര്‍ധനവ് സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മ്ീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. 
ഗതാഗതമേഖലയിലുണ്ടായിട്ടുള്ള അധിക ചെലവിനെ മുന്‍നിര്‍ത്തി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന തൊഴിലാളികളുടെ വസ്തുതാപരമായ ആവശ്യം കണക്കിലെടുത്ത് ഓട്ടോ ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും നടപ്പില്‍ വരുത്താന്‍ രണ്ടു മാസത്തില്‍ കൂടുതല്‍ സമയമെടുക്കില്ലെന്നും യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ മന്ത്രി പറഞ്ഞു.