ആലപ്പുഴ: മന്ത്രി ജി. സുധാകരന് എതിരായ പരാതിയില്‍ കര്‍ശന ഇടപെടലുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. ജില്ലാ കമ്മിറ്റി ഓഫീസില്‍ പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം വിളിച്ചു. പരാതിക്കാരിയുടെ ഭര്‍ത്താവും യോഗത്തില്‍ പങ്കെടുക്കും. വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കയിരിക്കുന്നത്.

ഉച്ചയ്ക്ക് രണ്ടു മണിക്കാണ് പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചിരിക്കുന്നത്. നേരത്തെ പുറക്കാട് ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന് പരാതി നല്‍കിയ ലോക്കല്‍ കമ്മിറ്റി അംഗവും മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ യുവതിയുടെ ഭര്‍ത്താവില്‍നിന്ന് വിശദീകരണം തേടിയിരുന്നു. വിശദീകരണം നല്‍കണമെങ്കില്‍ തന്റെ ഭാര്യ നല്‍കിയ പരാതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 

ഇന്ന് വിളിക്കുന്ന ലോക്കല്‍ കമ്മറ്റി യോഗത്തില്‍ യുവതിയുടെ ഭര്‍ത്താവ് വിശദീകരണം നല്‍കുമെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിനെതിരെ സംഘടനാ നടപടികള്‍ ഉണ്ടാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുമുണ്ട്. ലോക്കല്‍ കമ്മിറ്റി അംഗം സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ പരാതി നല്‍കുന്നത് സിപിഎമ്മില്‍ അസാധാരണമായ നടപടിയാണ്. അതിനാല്‍ ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ജി. സുധാകരന്‍ മുന്നോട്ടുവെക്കുന്നുണ്ട്.   

ഇതിനിടെ, പരാതിയില്‍ കേസെടുക്കണമോ എന്ന കാര്യത്തില്‍ അമ്പലപ്പുഴ പോലീസ് നിയമോപദേശം തേടി. നേരത്തെ അനൗദ്യോഗികമായി നിയമോപദേശം തേടിയപ്പോള്‍ കേസെടുക്കാന്‍ പര്യാപ്തമായ കുറ്റങ്ങള്‍ ഈ പരാതിയില്‍ പറയുന്നില്ല എന്നാണ് പോലീസിന് കിട്ടിയ ഉപദേശം. ഇപ്പോള്‍ പരാതിക്കാരി എസ്പിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക നിയമോപദേശം അടക്കമുള്ള നടപടികള്‍ക്ക് വേഗം കൂടിയിരിക്കുന്നത്.

Content Highlights: state committee intervention in the complaint against minister G Sudhakaran