പാലക്കാട്:  നെന്മാറയില്‍ പ്രണയിനിയായ സജിതയെ റഹ്മാന്‍ എന്നയാള്‍ പത്ത് വര്‍ഷം ഒറ്റമുറിയില്‍ രഹസ്യമായി പാര്‍പ്പിച്ച സംഭവത്തില്‍ എന്തൊക്കയോ അവിശ്വസനീയമായ കാര്യങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. 

ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണ് പാരില്‍. തേനും പാലും നല്‍കിയാലും കൂട്ടിലിട്ട് വളര്‍ത്തുന്ന പക്ഷിയാണെങ്കിലും അത് ബന്ധനം തന്നെയാണ്. ആ ഗൗരവത്തോടെയാണ് ഈ കാര്യത്തെ കാണുന്നത്. അസാധാരണ സംഭവമാണ് സജിതയുടേയും റഹ്മാന്റേയും ജീവിതം. കേരളത്തില്‍ ആദ്യത്തെ കേസാണ് ഇത്. ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് സജിതയും റഹ്മാനും സമ്മതിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ അവര്‍ ഇനിയും മുന്നോട്ട് സുഖമായി ജീവിക്കട്ടേയെന്നും വനിതാ കമ്മീഷന്‍ പ്രതികരിച്ചു. 

വാര്‍ത്തയിലൂടെ അറിഞ്ഞാണ് വനിതാ കമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും രാത്രി വരെ കാത്തിരിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ അവസ്ഥയാണ് കമ്മീഷന്‍ പരിഗണിച്ചത്. പ്രായപൂര്‍ത്തിയായ യുവാവിനും യുവതിക്കും പ്രണയിക്കാം, ഒരുമിച്ച് ജീവിക്കാം. എന്നാല്‍ അതിന് റഹ്മാന്‍ തിരഞ്ഞെടുത്ത വഴി തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. റഹ്മാന്റെ രീതിയെ മഹത്വവത്കരിക്കുന്ന രീതി ഉണ്ടാവാന്‍ പാടില്ലെന്നും വനിതാകമ്മീഷന്‍ പ്രതിനിധികള്‍ പ്രതികരിച്ചു. 

നെന്മാറയിലെ വീട്ടിലെത്തിയ വനിതാ കമ്മീഷന്‍ അംഗങ്ങള്‍ സജിതയും റഹ്മാനും താമസിച്ചിരുന്ന വീട് കണ്ടു. ഇരുവരോടും സംസാരിച്ചു. എന്തുകൊണ്ട് ഒറ്റമുറിയില്‍ നിന്ന് പുറത്തിറങ്ങി ജീവിക്കാന്‍ തീരുമാനിച്ചില്ലെന്ന ചോദ്യത്തിന് സമൂഹത്തിന്റേയും വീട്ടുകാരുടേയും എതിര്‍പ്പുണ്ടാവുമെന്ന ഭയം കൊണ്ടാണെന്നാണ് ഇരുവരും പ്രതികരിച്ചത്.