ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ വിമര്‍ശിച്ച് ബിജെപി നേതാക്കള്‍ രംഗത്ത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വിമര്‍ശിച്ചു. ഓര്‍ഡിനന്‍സിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ബിജെപി വ്യക്തമാക്കി.
സര്‍ക്കാരിനെതിരേ പല വിഷയങ്ങളിലും ഗവര്‍ണര്‍ നിലപാടെടുക്കുമ്പോള്‍ അദ്ദേഹത്തെ അതിശക്തമായി പിന്തുണക്കുകയാണ് സംസ്ഥാനത്ത് ബിജെപി ചെയ്തിരുന്നത്. എന്നാല്‍, ലോകായുക്താ നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതില്‍ ബിജെപിക്ക് കടുത്ത അമര്‍ഷമുണ്ട്. പാര്‍ട്ടി നേതാക്കല്‍ എല്ലാം തന്നെ അത് പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഴിമതിക്ക് കളമൊരുക്കുകയാണ് എന്നാണ് ബിജെപി നിലപാട്.
കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെക്കാതെ തിരിച്ചയക്കണമായിരുന്നെന്നാണ് ബിജെപിയുടെ നിലപാട്. ഓര്‍ഡിനന്‍സിനെതിരേ കോടതിയെ സമീപിക്കുമെന്നുതന്നെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് വിശദീകരിച്ചത്. എന്നാല്‍ അത് ഏത് തരത്തില്‍, എപ്പോള്‍ വേണമെന്ന് നിയമവൃത്തങ്ങളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനിക്കുക.
മുഖ്യമന്ത്രി പിണറായി വിജയന് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്. ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചതോടുകൂടി മന്ത്രിസഭാ യോഗത്തില്‍ നിയമസഭാ സമ്മേളനം ചേരുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ സാധിക്കും. ഓര്‍ഡിനന്‍സ് ഒപ്പിടാതിരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നുവെങ്കില്‍ നിയമസഭ ചേരുന്നതിന് തടസം വരുമായിരുന്നു.
ലോകായുക്തയുടെ വിധി തള്ളാന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ അയച്ചിട്ട് രണ്ടാഴ്ചയായെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. ഓര്‍ഡിനന്‍സിന്റെ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരുന്നു. സര്‍ക്കാര്‍ മറുപടിയും നല്‍കിയിരുന്നു. ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ഗവര്‍ണറെ സന്ദര്‍ശിക്കുകയും വിവാദമായ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്.
Content Highlights: State BJP leadership against Arif Mohammad Khan in lokayukta ordinance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..