ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലെ സ്റ്റേറ്റ് അറ്റോര്‍ണി പദവിയില്‍നിന്ന് അഭിഭാഷകനായ കെ.വി. സോഹന്‍ രാജിവച്ചു. അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ.കെ. രവീന്ദ്രനാഥ്, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ സുരേഷ് ബാബു തോമസ് എന്നിവരും സര്‍ക്കാരിന് രാജിക്കത്ത് കൈമാറി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പുതിയ സ്റ്റേറ്റ് അറ്റോര്‍ണിയെ അടുത്ത ബുധനാഴ്ച്ച ചേരുന്ന മന്ത്രിസഭാ യോഗം നിശ്ചയിക്കും. 

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗം എന്‍. മനോജ് കുമാറിനെ പുതിയ സ്റ്റേറ്റ് അറ്റോര്‍ണി ആയി നിയമിച്ചേക്കും എന്നാണ് സൂചന. സി.പി.എമ്മിന്റെ അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയന്റെ ഭാരവാഹി കൂടിയാണ് എന്‍. മനോജ് കുമാര്‍. ഇടത് മുന്നണിയിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (മാണി) വിഭാഗവും സ്റ്റേറ്റ് അറ്റോര്‍ണി പദവിക്ക് ആയി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ സി.പി.എം. ഈ സ്ഥാനം വിട്ട് നല്‍കില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്.

കെ.കെ. രവീന്ദ്രനാഥ് രാജിവച്ച അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തേക്ക് സീനിയര്‍ അഭിഭാഷകനായ അശോക് എം. ചെറിയാന്‍ നിയമിതനായേക്കും. രഞ്ജിത്ത് തമ്പാന്‍ രാജിവച്ച അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ പദവിയിലേക്ക് സി.പി.ഐ. രണ്ട് പേരുകളാണ് പരിഗണിക്കുന്നത്. തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകന്‍ കെ.പി. ജയചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ മകന്‍ വി. രാജേന്ദ്രന്‍ എന്നിവരാണ് പരിഗണന പട്ടികയില്‍ ഉള്ളത്. ഇതില്‍ കെ.പി. ജയചന്ദ്രന്റെ പേരിനാണ് മുന്‍തൂക്കം എന്ന് സി.പി.ഐ. വൃത്തങ്ങള്‍ അറിയിച്ചു.

എ.ഡി.ജി.പി. സ്ഥാനത്തേക്ക് നാല് പേരുകള്‍ ആണ് സി.പി.എമ്മിന്റെ പരിഗണന പട്ടികയില്‍ ഉള്ളത്. ഇതില്‍ നിക്കോളാസ് ജോസഫ്, ഗ്രേസിഷ്യസ് കുര്യാക്കോസ് എന്നിവരുടെ പേരുകള്‍ക്ക് ആണ് മുന്‍തൂക്കം. എന്നാല്‍ മത, സമുദായ ഘടകങ്ങള്‍ കൂടി കണക്കിലെടുത്തേ അന്തിമ തീരുമാനം ഉണ്ടാകും.

പുതിയ നിയമ സെക്രട്ടറി നിയമനവും ഉടന്‍ ഉണ്ടാകും. പി.കെ. അരവിന്ദ് ബാബു വിരമിച്ച നിയമ വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ ചുരുക്ക പട്ടിക തയ്യാറായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നാല് പേരുകളാണ് നിയമ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി കെ.ടി. നിസാര്‍ അഹമ്മദ്, ജില്ലാ ജഡ്ജിമാരായ വി. ഹരി നായര്‍, പി.കൃഷ്ണ കുമാര്‍, തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍ എന്നിവരാണ് ചുരുക്ക പട്ടികയില്‍ ഉള്ളത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതില്‍ ഒരാളെ സംസ്ഥാനത്തിന്റെ പുതിയ നിയമ സെക്രട്ടറിയായി നിയമിച്ചേക്കും.

Content Highlights: State Attorney K V Sohan resigned