തിരുവനന്തപുരം: കേരളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ സംസ്ഥാനമാണ്. നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 1900 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നതില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം  2018-ല്‍ കേന്ദ്രം തയ്യാറാക്കിയ സ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് റാങ്കില്‍ ടോപ്പ് പെര്‍ഫോര്‍മറായി തിരഞ്ഞെടുത്തത് കേരളത്തെയാണ്. സ്റ്റാര്‍ട്ടപ്പുകള്‍ 2016-ല്‍ ഉണ്ടായിരുന്നത് 300 എണ്ണമാണ്. ഇപ്പോഴുള്ളത് 2200 ആയി.

വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ 1600-ലധികം സ്റ്റാര്‍ട്ടപ്പുകള്‍, രണ്ട് ലക്ഷത്തിലധികം ഇന്‍കുബേഷന്‍ സ്‌പെയ്‌സുകള്‍ ഇന്ന് കേരളത്തിലുണ്ട്. സ്റ്റാര്‍ട്ടപ്പുകളുടെ നിക്ഷേപം രണ്ട് കോടി ഇരുപത് ലക്ഷത്തില്‍നിന്നു 875 കോടിയായി വര്‍ധിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.

പൗരന്മാര്‍ക്ക് വേണ്ടി ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമാണ് കേരളം. സൗജന്യ വൈഫൈ എല്ലാ പൊതു ഇടങ്ങളിലും ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിനാകെ മാതൃകയായി തീര്‍ന്ന ഇടപെടലാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തില്‍ രാജ്യത്തെ മികച്ച സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റമാണുളള്ളത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സംയോജിത സ്റ്റാര്‍ട്ടപ്പ് സമുച്ചയവും കൊച്ചിയില്‍ ആരംഭിച്ചു. അവിടെ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ഫാര്‍ ലാബ് ലോകോത്തര നിലവാരമുള്ളതാണ്. ഐടി മേഖലയിലെ ലോകോത്തര കമ്പനികള്‍ കേരളത്തിലേക്ക് വന്നുതുടങ്ങി. 

സംസ്ഥാനത്തെ ഐടി സ്‌പേസ് ഇരട്ടിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് സൗജന്യനിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ 1500 കോടിയുടെ കെ ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടു. ഇക്കൊല്ലം ഡിസംബറോടെ പദ്ധതി പൂര്‍ത്തിയാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: Start up investment in Kerala increased to 875 crores within 4 years