ന്യൂഡല്‍ഹി: ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടായ മുന്നേറ്റം പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സൂറത്തില്‍ 27 സീറ്റുകള്‍ നേടി ആം ആദ്മി പാര്‍ട്ടി വലിയ മുന്നേറ്റം നടത്തിയ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സൂറത്തില്‍ 125 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെ മറികടന്ന് പ്രധാന പ്രതിപക്ഷമാകാന്‍ എഎപിക്ക് സാധിച്ചു. വിജയിച്ച ഒരോ എഎപി സ്ഥാനാര്‍ഥിയും തങ്ങളുടെ ഉത്തരവാദിത്തം സത്യസന്ധമായി നിറവേറ്റും എന്ന് ഞാന്‍ ഉറപ്പുനല്‍കുകയാണ്, അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ വിജയം സംസ്ഥാനത്ത് പുതിയ തരത്തിലുള്ള രാഷ്ട്രീയത്തിന് തുടക്കമിടും. അത് സത്യസന്ധതയുടെ രാഷ്ട്രീയമായിരിക്കും. നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും ചെലവു കുറഞ്ഞ 24 മണിക്കൂര്‍ വൈദ്യുതിയുടെയും രാഷ്ട്രീയമായിരിക്കും. ഗുജറാത്തിനെ മികച്ചതാക്കുന്നതില്‍ ഞങ്ങള്‍ ജനങ്ങളുടെ പങ്കാളിയായിരിക്കും, അദ്ദേഹം പറഞ്ഞു.

അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ 576 സീറ്റുകളിലേക്കായി ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി 483 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് 55 സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ സാധിച്ചുള്ളൂ. സംസ്ഥാനത്ത് എഎപി നേടിയ 27 സീറ്റുകളും സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷനിലാണ്. കോണ്‍ഗ്രസിന് ഇവിടെ ഒറ്റ സീറ്റ് പോലും കിട്ടിയില്ല.

Content Highlights: Start Of A New Politics- Arvind Kejriwal On Gujarat Civic Poll Performance