കണ്ണൂർ കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണസാധനങ്ങൾ നഗരസഭാ കാര്യാലയത്തിനു മുന്നിൽ പ്രദർശിപ്പിച്ചപ്പോൾ
കണ്ണൂർ: കോർപ്പറേഷൻ ആരോഗ്യവിഭാഗം നഗരത്തിലെ 58 ഭക്ഷണശാലകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 20 ഭക്ഷണശാലകളിൽനിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പടിച്ചെടുത്തു. ദിവസങ്ങളും ആഴ്ചകളും പഴകിയതാണ് പിടിച്ചെടുത്തവയിൽ പലതും.
55 ഭക്ഷണശാലകൾക്ക് ശുചിത്വക്കുറവിനുള്ള ന്യൂനതാ നോട്ടീസും നൽകിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ 6.30 മുതലാണ് ആരോഗ്യ വിഭാഗം പരിശോധന ആരംഭിച്ചത്. നഗരസഭയുടെ കീഴിൽ വരുന്ന അഞ്ച് ഡിവിഷനുകളിലും പുഴാതി, പള്ളിക്കുന്ന് സോണുകളിലുമായിരുന്നു പരിശോധന.
കോട്ടയത്ത് അൽഫാം കഴിച്ച് നഴ്സ് മരിച്ച സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ആരോഗ്യ വകുപ്പ് മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയും ഹെൽത്ത് കാർഡ് ഇല്ലാതെയും ജോലി ചെയ്യുന്നവർക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് സൂപ്പർവൈസർ പി.പി.ബൈജു വ്യക്തമാക്കി. വരുംദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കും.
എച്ച്.ഐ.മാരായ സുധീർബാബു, എ.കെ.പ്രകാശൻ, കെ.ദിലീപ്, ജോഷ്വാ ജോസഫ്, പദ്മരാജൻ, ജിതേഷ്, കൃഷ്ണൻ നമ്പൂതിരി, ജെ.എച്ച്.ഐ.മാരായ ജൂനാ റാണി, രാധികാദേവി, ജെസ്സി ജോസഫ്, എസ്.സതീഷ്, വിജിന, രാധാമണി, അജീർ, ജൂലിമോൾ, സൗമ്യ, നിത്യ, ബിജോയ്, സജയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
ആഴ്ചകൾ പഴക്കം, കൂടുതലും ചിക്കൻ വിഭവങ്ങൾ
പല സ്ഥാപനങ്ങളിലും ആഴ്ചകളോളം പഴക്കമുള്ള കേടായ ഭക്ഷണ സാധനങ്ങൾ ഫ്രീസറുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു. അൽഫാം, തന്തൂരി, ഷവായി, ഫ്രൈ തുടങ്ങിയ ചിക്കൻ വിഭവങ്ങളും, കുഴിമന്തി, പൊറാട്ട, ചപ്പാത്തി, വെജിറ്റബിൾ കറി, മയോണൈസ്, കേക്ക് തുടങ്ങിയും കേടായ നിലയിൽ കണ്ടെടുത്തു.
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകംചെയ്യുകയും വിതരണം ചെയ്യുകയും ചെയ്ത സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
ജില്ലയിൽ രണ്ട് ഹോട്ടലുകൾ പൂട്ടിച്ചു
കണ്ണൂർ: ലൈസൻസില്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ച ജില്ലയിലെ രണ്ട് ഹോട്ടലുകൾ ഭക്ഷ്യസുരക്ഷാവിഭാഗം പൂട്ടിച്ചു. തലശ്ശേരി മീത്തലെപീടികയിലെ ‘ദാമൂസ്’, കീച്ചേരിയിലെ ‘പ്രവാസി’ എന്നീ ഹോട്ടലുകളാണ് പൂട്ടിച്ചത്. ലൈസൻസില്ലാതെ പ്രവർത്തിച്ചത് കാരണമാണ് ദാമൂസ് ഹോട്ടൽ പൂട്ടാൻ നിർദേശിച്ചത്. ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ചതിനാണ് പ്രവാസി ഹോട്ടൽ പൂട്ടിച്ചത്.
ബുധനാഴ്ച തലശ്ശേരി, തളിപ്പറമ്പ്, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ 39 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമ്മിഷണർ കെ.പി.മുസ്തഫ അറിയിച്ചു. ഒൻപത് സ്ഥാപനങ്ങൾക്ക് പിഴയിട്ടു. നിലവാരം മെച്ചപ്പെടുത്താൻ രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
പഴകിയ ഭക്ഷണം കണ്ടെത്തിയ സ്ഥാപനങ്ങൾ
മറാബി ഹോട്ടൽ, തലശ്ശേരി റസ്റ്റോറന്റ്, ഹോട്ടൽ ബ്ലെന്റ് കഫേ, പയ്യാമ്പലം ബേ ഫോർ, കൽപ്പക റസിഡൻസി, എം.ആർ.എ. ബേക്കറി, ബോസ്കോ ഹോട്ടൽ, ഹംസ ടീ ഷോപ്പ് ഹോട്ടൽ, ഡിഫീ ലാൻഡ് ഹോട്ടൽ, സിതാര ഹോട്ടൽ, ഗ്രീഷ്മ ബർക്കാ റസ്റ്റോറന്റ്, ഇപ്പീ കൗണ്ടർ ഫുഡ്കോർട്ട്, ചാർക്കോൾ ബേ കഫേ, മലബാർ പ്രേമ കഫേ, സീതാപാനി, ബീജിങ് വോക്, സെവെൻത് ലോഞ്ച്, സൂഫി മക്കാനി
Content Highlights: Food, Food Security, Stale Food, Hotels, Kannur, Restaurants
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..