പ്രതീകാത്മക ചിത്രം | Mathrubhumi archives
തൃശ്ശൂര്‍: മനോഹരം എന്ന വാക്കിന്റെ പര്യായം അഞ്ചിതമോ അഞ്ജിതമോ? പരീക്ഷ നടത്തിയ വിദ്യാഭ്യാസ വകുപ്പിന് തന്നെ ശങ്ക. ഉത്തരസൂചികയില്‍ അഞ്ജിതം എന്ന് കാച്ചിവിട്ടു. ഉച്ചയായപ്പോള്‍ തിരുത്തെത്തി- അഞ്ജിതത്തിന് മാര്‍ക്കിടരുത്. അഞ്ചിതം എന്നെഴുതിയവര്ക്ക് കൊടുക്കാം. എല്‍.എസ്.എസ്. പരീക്ഷയുടെ മൂല്യനിര്‍ണയത്തിലാണ് സംഭവം. ശനിയാഴ്ചയാണ് മൂല്യനിര്‍ണയം നടന്നത്. നാലാം ക്ലാസിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ള കൃഷ്ണഗാഥയില്നിന്നുള്ള വെണ്ണക്കണ്ണന് എന്ന കവിതാഭാഗത്തിലാണ് അഞ്ചിതമെന്ന വാക്കുള്ളത്.
'പുഞ്ചിരിത്തൂമകൊണ്ടഞ്ചിതമാകയാല്‍
ചെഞ്ചെമ്മേ നിന്നു വിളങ്ങീതപ്പോള്‍'
എന്ന വരികള്‍ പഠിച്ച കുട്ടികള്‍ മനോഹരത്തിന്റെ തുല്യപദം അഞ്ചിതമെന്നേ എഴുതേണ്ടൂ.
ഉത്തരസൂചിക തയ്യാറാക്കിയത് ഡയറ്റിലെ ഒരു മലയാളം അധ്യാപകനാണ്. കൈകൊണ്ട് ഭംഗിയില്ലാത്ത അക്ഷരത്തിലെഴുതിയാണ് ഉത്തരസൂചിക പരീക്ഷാകേന്ദ്രങ്ങളിലേക്ക് ഇ-മെയില്‍ ചെയ്തുകൊടുത്തത്.
എല്ലാ എ.ഇ.ഒ.മാര്‍ക്കും ഉച്ചയോടെ അഞ്ചിതമാണ് ശരിയെന്ന് പറഞ്ഞുള്ള തിരുത്തും കിട്ടി. ചില ക്യാമ്പുകളില്‍ രണ്ടു വാക്കുകള്‍ക്കും ശരിയിട്ടു കൊടുത്തിട്ടുണ്ട്. ചിലയിടത്ത് ഉച്ചവരെ അഞ്ജിതവും ഉച്ചയ്ക്കുശേഷം അഞ്ചിതവുമായി.
ഉത്തരസൂചികയില്‍ ഒ.എന്‍.വി. കുറുപ്പിന്റെ അച്ഛന്റെ പേര് 'ഒ.എന്‍. കൃഷ്ണക്കുറിപ്പ്' എന്നും അമ്മയുടെ പേര് 'കെ. ലക്ഷമിക്കുട്ടിയമ്മ' എന്നുമാണ് എഴുതിയയച്ചിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..