കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസിൽ രാജ്യാന്തര ഗൂഢാലോചനയടക്കം സംശയിക്കുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് സി.ബി.ഐ കോടതിയിൽ. ക്രയോജനിക് സാങ്കേതിക വിദ്യയടെ വികസനമടക്കം തടസപ്പെടുന്ന സാഹചര്യമാണ് നമ്പി നാരായണന്റെ കേസ് വന്നതോടുകൂടി ഉണ്ടായതെന്നും പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യമാണുള്ളതെന്നും സി.ബി.ഐ കോടതിയിൽ പറഞ്ഞു.

ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി എസ്. വിജയൻ, രണ്ടാംപ്രതി തമ്പി എസ്. ദുർഗാദത്ത്, പതിനൊന്നാംപ്രതി പി.എസ്. ജയപ്രകാശ് എന്നിവരുടെ ജാമ്യഹർജികളാണ് ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കുന്നത്. വിജയന്റെയും തമ്പി എസ്. ദുർഗാദത്തിന്റെയും ഹർജികൾ ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ചിലും ജയപ്രകാശിന്റെ ഹർജി ജസ്റ്റിസ് കെ. ഹരിപാലിന്റെ ബെഞ്ചിലും കഴിഞ്ഞ ദിവസം പരിഗണനയ്ക്ക് വന്നിരുന്നു.

ഐ.എസ്.ആർ.ഒ ചാരക്കേസിലെ പ്രതികളുടെ വാദത്തെ ശക്തമായി എതിർത്തുകൊണ്ടാണ് സി.ബി.ഐ കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ഗൂഢാലോചനയടക്കം ഇപ്പോൾ അന്വേഷണ പരിധിയിലുണ്ട്. അക്കാര്യങ്ങളടക്കം അന്വേഷിക്കേണ്ടതുണ്ട്. അതുകൊണ്ട് പ്രതികൾക്ക് ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നാണ് സി.ബി.ഐ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്ന സാഹചര്യമുണ്ടായാൽ അവർ അന്വേഷണവുമായി സഹകരിക്കില്ല. ക്രയോജനിക് സാങ്കേതികവിദ്യയുടെ വികസനമടക്കം നമ്പി നാരായണന്റെ അറസ്റ്റോടെ തടസപ്പെടുന്ന സാഹചര്യമുണ്ടായി. ഇക്കാര്യങ്ങളടക്കം പരിശോധിക്കേണ്ടതുണ്ട്. നമ്പി നാരായണടക്കമുള്ളവർക്കെതിരേ അതിക്രമങ്ങൾ ഉണ്ടായിരിക്കുന്നത് പോലീസിന്റെ ചോദ്യം ചെയ്യൽ മുറികൾക്കുള്ളിലാണ്. അവിടെ സാക്ഷികളായിട്ടുള്ളത് പോലീസ് ഉദ്യോഗസ്ഥരാണ്. അവരെ സ്വാധീനിക്കാനുള്ള സാഹചര്യം ഉണ്ട്. കൂടാതെ കേസിലെ പ്രധാന പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരമുള്ളതാണ് ഈ കേസ് അന്വേഷണം. അതുകൊണ്ട് തന്നെ യാതൊരു കാരണവശാലും പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് സി.ബി.ഐ വാദം. ഹർജികളിൽ നമ്പി നാരായണനും കക്ഷിചേർന്നു. നമ്പി നാരായണൻ നൽകിയ ഹർജിയിൽ സുപ്രീംകോടതി നിർദേശപ്രകാരമാണ് സി.ബി.ഐ ഗൂഢാലോചനക്കേസ് അന്വേഷിക്കുന്നത്.

Content Highlights:SRO spy case do not grant bail to accused says CBI on court