തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍  ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി മലപ്പുറം തിരൂര്‍ സ്വദേശി കെ.എം. ബഷീര്‍(35) ആണ് മരിച്ചത്. അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ശ്രീരാം വെങ്കിട്ടരാമനും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. താനല്ല, സുഹൃത്താണ് കാറോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പോലീസിനോട് പറഞ്ഞു. എന്നാൽ അദ്ദേഹം തന്നെയാണ് വാഹനമുപയോഗിച്ചതെന്നും കാർ അമിത വേഗതയിലായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.  ഇത് സ്ഥിരീകരിക്കാന്‍ അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.  ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു. 

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷന് സമീപമായിരുന്നു അപകടം. ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നുവെന്നാണ് വിവരം. കാറിൽ ശ്രീരാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന സ്ത്രീ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കാതെ ആദ്യം വിട്ടയച്ചു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഇവരെ ഫോണില്‍ വിളിക്കാന്‍പോലും പോലീസ് തയ്യാറായത്. 

വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്നത്.  

sriram venkittaraman accident

മലപ്പുറം തിരൂരില്‍ സിറാജ് ദിനപത്രത്തിന്റെ പ്രാദേശിക റിപ്പോര്‍ട്ടറായി പത്രപ്രവര്‍ത്തനം ആരംഭിച്ച കെ.എം. ബഷീര്‍ സിറാജ് ദിനപത്രത്തിന്റെ മലപ്പുറം സ്റ്റാഫ് റിപ്പോര്‍ട്ടറായും, തിരുവനന്തപുരം ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ജസീല. മക്കള്‍: ജന്ന, അസ്മി. 

 

Content Highlights: sriram venkittaraman ias car collided with bike; siraj newspaper journalist km basheer killed in trivandrum