തിരുവനന്തപുരം: യുവ മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്  എളുപ്പത്തില്‍ ജാമ്യം ലഭിച്ചത് പൊലീസിന്റെ ഗുരുതര വീഴ്ചമൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് തേച്ചുമായ്ച്  കളയാന്‍  സര്‍ക്കാര്‍ തലത്തിലുള്ള ഉന്നതര്‍ ഇടപെട്ടുവെന്ന ആരോപണം ശരിവയ്കുന്നതാണ് ശ്രീറാമിന് ലഭിച്ച ജാമ്യം.

തുടക്കം മുതലെ പൊലീസ് ഈ കേസില്‍ ഒളിച്ചു കളിക്കുകയായിരുന്നു. തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തി. വീഴ്ചകള്‍  ചൂണ്ടിക്കാട്ടിയിട്ടുപോലും സ്വകാര്യ ആശുപത്രിയില്‍  പ്രവേശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമിനില്‍ നിന്നും രക്തസാമ്പിള്‍ എടുക്കാന്‍ പോലീസ് തയ്യാറായില്ല.  വീഴ്ചകളെല്ലാം  മനപ്പൂര്‍വ്വമാണെന്ന് ഇപ്പോള്‍ ബോധ്യമായി. 

ഗുരുതരമായ വീഴ്ചകള്‍ പലതും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ട് പോലും അവ തിരുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായില്ല. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയും മൂകസാക്ഷിയായി നിന്നു. ഇതെല്ലാമാണ് എളുപ്പത്തില്‍ പ്രതിക്ക് ജാമ്യം കിട്ടുന്ന അവസ്ഥയിലേക്ക് നയിച്ചത്. സര്‍ക്കാരിന് ഇഛാശക്തിയുണ്ടെങ്കില്‍ കേസ് അട്ടിമറിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്. മുഖ്യമന്ത്രി തുടക്കത്തില്‍ പറഞ്ഞത് ഈ കേസില്‍ എത്ര ഉന്നതരായാലും നടപടിയെടുക്കുമെന്നാണ്. ഇനിയെങ്കിലും കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

Content Highlights: Sriram Venkitaraman's bail: Chennithala slams police and state government