തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. പരിക്കുകളുള്ളതിനാല്‍ ചികിത്സ ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ആശുപത്രിയില്‍ കഴിയുന്നത്. എന്നാൽ മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജയില്‍ വാസം ഒഴിവാക്കാനാണ് ആശുപത്രിവാസമെന്നാണ് ആക്ഷേപമുയരുന്നത്. 

കൈക്കും കാലുകള്‍ക്കും ചെറിയ പരിക്കുകളും നെഞ്ചിന് വേദനയുമുണ്ടെന്ന് വ്യക്തമാക്കിയാണ് ശ്രീറാം ആശുപത്രിയില്‍ തുടരുന്നത്. ഈ പരിക്കുകള്‍ ഗുരുതരമല്ലെന്നും നിരീക്ഷണം വേണ്ട സാഹചര്യം മാത്രമാണ് വേണ്ടത് എന്നുമാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. 

അതേ സമയം ഞായറാഴ്ച രാവിലെ ഡോക്ടര്‍മാരെത്തി പരിശോധന കഴിഞ്ഞാല്‍ മാത്രമേ ആശുപത്രിയില്‍ തുടരണമോ സബ്ജിയിലിലേക്ക് കൊണ്ടുപോകുമോ എന്നതടക്കമുള്ള തുടര്‍നടപടിക്കളെക്കുറിച്ച് വ്യക്തമാകുകയുളളൂ. 

റിമാന്‍ഡ് ചെയ്താല്‍ സര്‍വീസ് ചട്ടപ്രകാരം 24 മണിക്കൂറിനുള്ളില്‍ സസ്‌പെന്‍ഷനടക്കമുള്ള വകുപ്പ് തല നടപടികളുമുണ്ടാകും. സംഭവത്തില്‍ ശ്രീറാമിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് എതിര്‍വശത്ത് വെച്ചായിരുന്നു സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോചീഫ് ബഷീറിന്റെ ബൈക്കിലേക്ക് ശ്രീറാമിന്റെ കാര്‍ ഇടിച്ചു കയറിയത്. ശ്രീറാമിനൊപ്പം സുഹൃത്തും മോഡലുമായ വഫാ ഫിറോസും കാറിലുണ്ടായിരുന്നു.വിദേശത്ത് പഠനാവധികഴിഞ്ഞ് സര്‍വേ ഡയറക്ടറായി തിരികെ സര്‍വീസിലെത്തിയതിന്റെ ഭാഗമായുള്ള ആഘോഷപരിപാടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ശ്രീറാം.  ഗുരുതരമായി പരിക്കേറ്റ ബഷീര്‍ അവിടെത്തന്നെ മരിക്കുകയായിരുന്നു. 

കൊല്ലത്ത് പത്രത്തിന്റെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത് കവടിയാറിലെ ഓഫീസിലെത്തിയശേഷം ബൈക്കില്‍ കുന്നുകുഴിയിലെ താമസസ്ഥലത്തേക്ക് പോവുകയായിരുന്നു ബഷീര്‍.

Content Highlights: sriram venkitaraman hospitalised after car accident. He is arrested for accident case