തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ വാഹനാപകടക്കേസില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തിയുള്ള പോലീസ് റിപ്പോര്‍ട്ടിനെതിരെ കെ.ജി.എം.ഒ.എ. പോലീസിന്റെ വീഴ്ച ഡോക്ടറുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കുമെന്നും ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. വ്യക്തമാക്കി.

ശ്രീറാമിന്റെ കേസില്‍ ഡോക്ടര്‍ നിയമപ്രകാരമുള്ള എല്ലാകാര്യങ്ങളും ചെയ്തിട്ടുണ്ട്. പോലീസ് രേഖാമൂലം എഴുതി ആവശ്യപ്പെട്ടാല്‍ മാത്രമേ രക്തപരിശോധന നടത്താനാകൂ. എന്നാല്‍ പോലീസ് രക്തപരിശോധന നടത്താന്‍ ആവശ്യപ്പെട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. മാത്രമല്ല, മദ്യത്തിന്റെ മണമുണ്ടെന്ന് ഒ.പി. ടിക്കറ്റില്‍ രേഖപ്പെടുത്തുകയും ചെയ്തു. വാക്കാല്‍ ആവശ്യപ്പെട്ടെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ വാക്കാല്‍ പോലും പോലീസ് രക്തപരിശോധനയ്ക്ക് ആവശ്യപ്പെട്ടിട്ടില്ലെന്നും ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ സംരക്ഷിക്കുമെന്നും കെ.ജി.എം.ഒ.എ. സെക്രട്ടറി ഡോ. വിജയകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

ശ്രീറാം വെങ്കിട്ടരാമനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോള്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നായിരുന്നു പോലീസിന്റെ വാദം. അപകടസമയത്ത് കാറോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയിലായിരുന്നു. പരിക്കുള്ളതിനാല്‍ ആശുപത്രിയിലേക്ക് മാറ്റി. മദ്യത്തിന്റെ മണമുള്ളതായി ഡോക്ടര്‍ എഴുതിയെങ്കിലും രക്തമെടുക്കാന്‍ തയ്യാറായില്ലെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ശ്രീറാമിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നപ്പോള്‍ രക്തപരിശോധന നടത്താന്‍ പോലീസ് ആവശ്യപ്പെട്ടില്ലെന്നും ക്രൈംനമ്പര്‍ പോലും രേഖപ്പെടുത്തിയിരുന്നില്ലെന്നും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ നേരത്തെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 

Content Highlights: sriram venkitaraman accident case; kgmoa against police report