കൊച്ചി: ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ വാഹനാപകട കേസില്‍ പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്തേണ്ട രീതിയിലാണ് പോലീസ് അന്വേഷണം നടത്തേണ്ടതെന്നും എന്നാല്‍ പോലീസ് സംവിധാനത്തിന്റെ മുഴുവന്‍ വീഴ്ചയും കേസില്‍ വ്യക്തമായെന്നും ഹൈക്കോടതി വിലയിരുത്തി. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കാനാവില്ലെന്ന ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 

വാഹനാപകട കേസില്‍ ശ്രീറാമിന് അനുവദിച്ച ജാമ്യം റദ്ദാക്കാനാവില്ലെന്ന വിധി പ്രസ്താവത്തിലാണ് ഹൈക്കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. കേസിന്റെ തുടക്കംമുതല്‍ കഴിവുകെട്ട അന്വേഷണമാണ് നടന്നത്. സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്ന് ഒരു കല്ലെടുത്ത് എറിഞ്ഞാല്‍ എത്തുന്ന ദൂരത്താണ് അപകടം നടന്നത്. അതില്‍പോലും കൃത്യമായ അന്വേഷണം നടത്താനായില്ല. സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇത് പോലീസ് സംവിധാനത്തിന്റെ വീഴ്ചയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

ക്രിമിനല്‍ കേസുകളില്‍ ശിക്ഷ ഉറപ്പാക്കുന്നരീതിയിലാവണം അന്വേഷണം നടത്തേണ്ടതെന്നും ഇത്തരം കേസുകളില്‍ പ്രൊഫഷണല്‍ രീതിയിലുള്ള അന്വേഷണത്തിന് പോലീസിനെ സജ്ജമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. എല്ലാ ജില്ലകളിലും കെമിക്കല്‍ ലാബുകള്‍ തുടങ്ങണമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. 

ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീര്‍ മരിച്ചത്. കേസില്‍ ശ്രീറാമിനെ രക്ഷിക്കാനായി പോലീസ് അന്വേഷണവും രക്തപരിശോധനയും വൈകിപ്പിച്ചിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടും പത്തുമണിക്കൂറിന് ശേഷമാണ് പോലീസ് രക്തപരിശോധന നടത്തിയത്. പിന്നീട് കേസില്‍ ശ്രീറാമിനെ പ്രതിചേര്‍ത്ത് റിമാന്‍ഡ് ചെയ്‌തെങ്കിലും തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞദിവസം ഈ ഹര്‍ജിയും തള്ളിപ്പോയിരുന്നു. 

Content Highlights: sriram venkitaraman accident case; high court criticizes police inquiry and police system