കൊച്ചി: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മജിസ്‌ട്രേറ്റ് അനുവദിച്ച ജാമ്യം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. ഹർജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

ശ്രീറാം മദ്യപിച്ചതായി കണ്ടെത്തിയില്ലെങ്കിലും നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. പ്രതിയുടെ ജാമ്യഹര്‍ജി പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ കണ്ടെത്തല്‍ ശരിയല്ല. സെഷന്‍സ് കോടതിയില്‍ വിചാരണ നടത്തേണ്ട കേസില്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ജാമ്യം നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിക്കും. 

അതേസമയം, ജാമ്യം ലഭിച്ച ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് യോഗംചേര്‍ന്ന് ബുധനാഴ്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും. കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ വിവിധ പരിശോധനഫലങ്ങള്‍ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തും. നിലവില്‍ മെഡിക്കല്‍ കോളേജിലെ ട്രോമാ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാമിനെ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഒരുപക്ഷേ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്. 

Content Highlights: sriram venkitaraman ias accident case; government will approach highcourt against his bail