ഉദുമ: പ്രഭാതസവാരിക്കിറങ്ങുന്നവര്‍ പതിവായി ആസ്വദിക്കുന്ന ഒരു കാഴ്ചയുണ്ട് ഉദുമയില്‍. ദിവസവും രാവിലെ ആറരയോടെ നൂറ്റന്‍പതോളം കാക്കകള്‍ക്ക് കാരക്കടി (മിക്‌സ്ചറിനെക്കാള്‍ തടിച്ച ഒരു തരം ബേക്കറി പലഹാരം) മുടങ്ങാതെ വിളമ്പുന്ന ശ്രീനിവാസന്റെ ചിരിക്കുന്ന മുഖം. 15 വര്‍ഷമായി ഉദുമ ടൗണിലെ കാക്കകള്‍ക്ക് തീറ്റ നല്‍കുന്നത് തമിഴ്‌നാട്ടില്‍നിന്നെത്തിയ തയ്യല്‍തൊഴിലാളി ആര്‍. ശ്രീനിവാസന്റെ ജീവിതത്തിന്റെ ഭാഗമാണ്.

ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസിനുമുന്നിലെ റോഡില്‍ ആഹാരവുമായി എല്ലാ ദിവസവും രാവിലെ ആറരയോടെ അദ്ദേഹമെത്തും. ഈ വരവ് കാത്ത് ആറുമണിക്കുതന്നെ 150-ഓളം കാക്കകള്‍ സമീപത്തെ മരച്ചില്ലയിലുണ്ടാകും. ശ്രീനിവാസന്‍ കടലാസ് പൊതി അഴിച്ച് കാരക്കടി എറിഞ്ഞുകൊടുക്കുമ്പോള്‍ കാക്കക്കൂട്ടം കലപിലകൂട്ടി കൊത്തിത്തിന്നും. ഓരോ മണിയും കൊത്തിത്തിന്ന് അവ സന്തോഷത്തോടെ പറന്നകന്നുകഴിയുമ്പോള്‍ ശ്രീനിവാസനും മടങ്ങും.

ഏഴുമണിക്കുള്ളില്‍ റോഡിലെത്തിയില്ലെങ്കില്‍ കാക്കക്കൂട്ടം ശ്രീനിവാസന്‍ താമസിക്കുന്ന മുറിക്ക് മുന്നിലെത്തുമെന്ന് ഇദ്ദേഹം ജോലിചെയ്യുന്ന സ്റ്റാര്‍ ടെയ്ലേഴ്‌സ് ഉടമ സുരേഷ് പറഞ്ഞു. ഈ മഹാമാരിക്കാലം മറ്റു തൊഴിലാളികളെപോലെ ശ്രീനിവാസനെയും വരിഞ്ഞുമുറുക്കി. എന്നിട്ടും തന്റെ ചങ്ങാതിമാരെ മറക്കാന്‍ ഈ മറുനാട്ടുകാരന് മനസ്സുവന്നില്ല. അങ്ങനെ ദിവസവും 20 രൂപയുടെ പലഹാരം തെക്കേക്കരയിലെ കൃഷ്ണന്റെ സണ്‍റൈസ് ബേക്കറിയില്‍ നിന്ന് തലേന്ന് രാത്രിതന്നെ കടമായി വാങ്ങിവെക്കും. ഇപ്പോള്‍ കടം 700 രൂപയോളമായി. ലോക്ഡൗണ്‍ ആയതോടെ കടം വാങ്ങിയാണ് ഭക്ഷണമടക്കമുള്ള അത്യാവശ്യചെലവുകളും നടത്തുന്നത്.

തമിഴ്‌നാട് തിരുവാരൂര്‍ മണ്ണാര്‍കുടി സ്വദേശിയാണ് ശ്രീനിവാസന്‍. 2004-ലാണ് കേരളത്തിലെത്തിയത്. ആദ്യം ബേക്കലിലെ ഒരു തയ്യല്‍ക്കടയില്‍ ജോലിചെയ്തു. 2005 മുതല്‍ ഉദുമയിലെ സ്റ്റാര്‍ ടെയ്ലേഴ്‌സില്‍ ജീവനക്കാരനാണ്. 2006-ലാണ് കാക്കകള്‍ക്ക് ഭക്ഷണം നല്‍കിത്തുടങ്ങിയത്. നേരത്തെ ഉദുമ ബസ് കാത്തിരുപ്പ് കേന്ദ്രത്തിനടുത്തായിരുന്നു വിതരണം.

ഒരിക്കല്‍ കാക്കളെല്ലാം കൂടി ഇവിടത്തെ വൈദ്യുതിലൈനില്‍ ഇരുന്നതോടെ ഷോര്‍ട്ട് സര്‍ക്യൂട്ടായി വൈദ്യുതിപ്രവാഹം നിലച്ചു. മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അന്നുമുതലാണ് തീറ്റനല്‍കുന്നത് രജിസ്ട്രാര്‍ ഓഫീസിന് മുന്നിലെ ഒഴിഞ്ഞ റോഡിലാക്കിയത്. സ്വദേശത്തേക്ക് പോകുമ്പോള്‍ ബേക്കറിയുടമ കൃഷ്ണനാണ് കാക്കകള്‍ക്ക് തീറ്റ കൊടുക്കുക.

Content Highlight:  Srinivasan feeding Crow