പി.വി. ശ്രീനിജിൻ, സാബു ജേക്കബ്| Photo: Mathrubhumi
കൊച്ചി: അപ്രതീക്ഷിതമായി കിട്ടിയ കുന്നത്തുനാട് സീറ്റ് കൈവിടാനുള്ള മടി കൊണ്ടാണ് ശ്രീനിജൻ എം.എൽ.എ. തനിക്കെതിരെ നൽകിയ കള്ളക്കേസടക്കമുള്ള വൃത്തികേടുകൾ എല്ലാം ചെയ്തുകൂട്ടുന്നതെന്ന് കിറ്റക്സ് എം.ഡി. സാബു ജേക്കബ്. പി.വി. ശ്രീനിജൻ എം.എൽ.എയെ ജാതീയമായി അധിക്ഷേപിച്ചു എന്ന പരാതിയിന്മേൽ ഉള്ള അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"കോടതിയുള്ളതു കൊണ്ടാണ് എന്നെപ്പോലെയുള്ള ജനങ്ങൾക്ക് ഈ നാട്ടിൽ ജീവിക്കാൻ ആകുന്നത്. എനിക്കെതിരെ കള്ളക്കേസ് കൊടുത്തപ്പോൾ കോടതിയിൽ പോവാനും അഭിഭാഷകനെ വെച്ച് വാദിക്കാനും കഴിഞ്ഞു. പക്ഷേ അതിനു കഴിയാത്ത ഒരുപാട് ജനങ്ങൾ ഉണ്ടാകും. അവർക്ക് ഇതെല്ലാം സഹിക്കാനേ കഴിയുള്ളൂ. ഇതുപോലെ നിരവധി പേരെ പീഡിപ്പിക്കുന്നുണ്ടാവും. അധികാരത്തിന്റെ ദുരുപയോഗമാണ് ഇത്. പ്രതികരിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും പോലീസിനെയും നിയമത്തേയും ഉപയോഗിച്ച് അടിച്ചമർത്തുകയാണ്. ബ്രിട്ടീഷുകാർ ചെയ്തിരുന്നതിനേക്കാൾ ക്രൂരമായ പ്രവൃത്തിയാണ് ഇതെല്ലാം."- സാബു ജേക്കബ് പറഞ്ഞു.
എൽ.ഡി.എഫിനും അവരുടെ സഖാക്കന്മാർക്കും അവരെ പ്രീതിപ്പെടുത്തുന്നവരുമായ ഒരു വിഭാഗത്തിന് മാത്രം ജീവിക്കാൻ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.
കഴിഞ്ഞ 20 മാസമായി ശ്രീനിജൻ എന്റെ പുറകെയാണ്. കുന്നത്തുനാട് ട്വന്റി- ട്വന്റിയുടെ ഉറപ്പായ സീറ്റായി കരുതുകയും അവിടെ ശ്രദ്ധ കുറവുണ്ടാവുകയും ചെയ്തതുകൊണ്ടാണ് ശ്രീനിജൻ അവിടെ ജയിച്ചത്. ഞങ്ങൾക്ക് പറ്റിയ ചെറിയൊരു കൈയബദ്ധം ആയിരുന്നു അവിടുത്തെ അവരുടെ ജയം. ജില്ലാകമ്മിറ്റിയോ അവരുടെ പാർട്ടിയോ അവിടെ ജയിക്കുമെന്ന് കരുതിയിട്ടില്ല. അങ്ങനെ കിട്ടിയ സീറ്റ് കൈ വിടാനുള്ള മടി കൊണ്ടാണ് ഇത്തരം വൃത്തികേടുകളെല്ലാം ചെയ്യുന്നത്. അയാളുടെ വൃത്തികേട് കൊണ്ട് മാത്രമാണ് കേരളത്തിന് 3500 കോടിയുടെ നിക്ഷേപവും നാൽപ്പതിനായിരം തൊഴിൽ അവസരങ്ങൾ നഷ്ടമായതെന്നും സാബു ജേക്കബ് പറഞ്ഞു.
Content Highlights: P.V. Srinijan, Sabu Jacob
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..