കാസര്‍ഗോഡ്: ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട്‌ പാലക്കാടും കാസര്‍കോടും എന്‍ഐഎ റെയ്ഡ് നടത്തി. ഇന്ന് പുലര്‍ച്ചയാണ് പാലക്കാട് കൊല്ലങ്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും റെയ്ഡ് നടത്തിയത്. മുന്‍പ് തീവ്രവാദ സംഘടകളുമായി ബന്ധമുള്ള ഒരാളെ പോലീസ് ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനായി കൊച്ചിയിലേക്ക് കൊണ്ടുപോയി. ഇയാളുടെ വിവവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായില്ല.

കാസര്‍കോട്‌ വിദ്യാനഗര്‍ സ്വദേശികളായ രണ്ടുപേരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടത്തിയ എന്‍ഐഎ സംഘം മൊബൈല്‍ ഫോണുകള്‍ അടക്കം പിടിച്ചെടുത്തു. ഇന്ന് രാവിലെയാണ് കൊച്ചിയിലെ എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്. 

വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍ അടക്കമുള്ളവ പിടിച്ചെടുക്കുകയും വിശദമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തു. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേര്‍ സഹ്രാന്‍ ഹാഷിമിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നു ഇരുവരുമെന്നാണ് ലഭ്യമാകുന്ന വിവരം.

കൊല്ലപ്പെട്ട സഹ്രാന്‍ ഹാഷിമുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് റെയ്ഡ് നടത്തിയതും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയതും. വളരെ രഹസ്യ സ്വഭാവത്തിലാണ് റെയ്ഡ് നടത്തിയത്. 

ഏപ്രില്‍ 21 നാണ് ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പര നടന്നത്.  അബൂബക്കര്‍ സിദ്ദിഖിയോടും, അഹമ്മദ് അറാഫത്തിനോടും തിങ്കളാഴ്ച കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ലോക്കല്‍ പോലീസിന് പോലും റെയ്ഡിനെ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിരുന്നില്ലെന്നാണ് വിവരം. 

Content Highlights: Sri Lankan Blast Link, NIA Team Raid Kasarkode