തിരുവനന്തപുരം: ശ്രീവരാഹത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വര്‍ണം കവര്‍ന്നു. മുട്ടത്തറ സ്വദേശി ബിജുവില്‍ നിന്നാണ് ഒന്നര കോടി വിലമതിക്കുന്ന ഒരു കിലോ 400 ഗ്രാം സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടത്. തൃശ്ശൂരില്‍ നിന്നും സ്വര്‍ണം ശേഖരിച്ച് കുഴിത്തുറയിലുള്ള കടയിലേക്ക് കൊണ്ടുവരികയായിരുന്നു ബിജു. 

ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. തൃശ്ശൂരില്‍ നിന്നും ഗുരുവായൂര്‍ എക്സ്പ്രസില്‍ തിരുവനന്തപുരത്ത് എത്തിയ ബിജു തമ്പാനൂരില്‍ നിന്നും കാറിലാണ് കുഴിത്തുറയിലേക്ക് തിരിച്ചത്. ശ്രീവരാഹത്ത് വച്ച് എതിരെ ദിശയില്‍ നിന്നും കാറിലെത്തിയ അക്രമിസംഘം ബിജുവിന്റെ കാര്‍ തടയുകയായും ആക്രമിക്കുകയുമായിരുന്നു.  

ആറോളം വരുന്ന അക്രമിസംഘം ബിജുവിന്റെ കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും കാറിനുള്ളിലേക്ക് മുളകുപൊടി വിതറുകയും ചെയ്തു. മുളകുപൊടി ദേഹത്തു വീണില്ലെങ്കിലും പരിഭ്രമിച്ചു പോയ ബിജുവിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുമ്പുതന്നെ അക്രമിസംഘം സ്വര്‍ണം വച്ചിരുന്ന ബാഗുമായി കടന്നു കളയുകയായിരുന്നു. 

അക്രമിസംഘം വന്ന കാറിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചുവെങ്കിലും ഇതില്‍ നിന്നും ലഭിച്ച കാറിന്റെ നമ്പര്‍ വ്യാജമാണ് എന്ന് പോലീസ് പറയുന്നു. സ്വര്‍ണം സൂക്ഷിച്ചിരുന്ന അതേ ബാഗില്‍ തന്നെയാണ് ബിജുവിന്റെ മൊബൈല്‍ ഫോണും ഉണ്ടായിരുന്നത്. ഈ മൊബൈല്‍ നമ്പര്‍ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. 

അതേസമയം, സംഭവത്തിന് തിരുവനന്തപുരത്ത് അടുത്തിടെയായി വര്‍ധിച്ചു വരുന്ന സ്വര്‍ണക്കടത്ത് കേസുകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്. എന്നാല്‍ സ്വര്‍ണത്തിന്റെ ബില്ലും മറ്റും ബിജു പോലീസില്‍ ഹജരാക്കിയിട്ടുണ്ട്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ബിജുവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 

സ്വന്തമായി സ്വര്‍ണക്കട ഇല്ലാത്തയാളാണ് ബിജു എന്നാണ് പ്രഥമിക അന്വേഷണങ്ങളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുഴിത്തുറയിലെ ഒട്ടുമിക്ക സ്വര്‍ണക്കടകളിലേക്കും സ്വര്‍ണം എത്തിച്ചു കൊടുക്കുന്ന ഡീലറാണ് ഇയാള്‍. ഇതിനെപ്പറ്റിയും കൂടുതല്‍ അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. 

content highlights: sreevaraham attack, thiruvanathapuram, gold