തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്ഷന് 90 ദിവസം കൂടി നീട്ടി. മാധ്യമ പ്രവര്ത്തകന് കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലാണ് ശ്രീറാം സസ്പെന്‍ഷനില്‍ കഴിയുന്നത്. സസ്പെന്ഷന് നീട്ടിക്കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടു. തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ തള്ളി. നിലവിലെ സസ്പെന്ഷന് കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് നടപടി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് കെ.എം. ബഷീര്‍ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം കാറിടിച്ച് കൊല്ലപ്പെട്ടത്. മ്യൂസിയം പോലീസ് രജിസ്റ്റര്‍ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്താണ് കാറോടിച്ചിരുന്നത് എന്നായിരുന്നു ശ്രീറാമിന്റെ നിലപാട്.
ചീഫ് സെക്രട്ടറിക്ക് നല്കിയ വിശദീകരണത്തിലും ഇക്കാര്യം അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. അപകട സമയത്ത് മദ്യപിച്ചിരുന്നെന്ന ആരോപണവും നിഷേധിച്ചു. രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്തത്. അതിനിടെ, ഫൊറന്‍സിക് റിപ്പോര്‍ട്ട് വൈകുന്നതിനാലാണ് കുറ്റപത്രം വൈകുന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.
Content Highlights: Sreeram Venkittaraman's suspension extended
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..