ശ്രീനിവാസൻ/ അക്രമി സംഘം എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
പാലക്കാട്: ആര്.എസ്.എസ്. മുന്‍ പ്രചാരകന് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഒളിവിലുള്ള പട്ടാമ്പി ഞാങ്ങാട്ടിരി കിഴക്കേക്കരവീട്ടില്‍ അബ്ദുള്‍റഷീദിന്റെ (32) ബാങ്ക് അക്കൗണ്ടിലേക്ക് എസ്.ഡി.പി.ഐ.യുടെ ഡല്‍ഹി ഓഫീസില്‍നിന്ന് എല്ലാമാസവും പണം എത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. ശ്രീനിവാസന് വധത്തിന് അടുത്തദിവസവും പണമെത്തിയിരുന്നതായി ബാങ്ക് അക്കൗണ്ട് രേഖകള്‍ വ്യക്തമാക്കുന്നു. പോലീസ് നല്കിയ അപേക്ഷയെത്തുടര്‍ന്ന് ബന്ധപ്പെട്ട അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
കേസിലെ 11-ാം പ്രതിയാണ് പോപ്പുലര്‍ഫ്രണ്ട് പട്ടാമ്പി ഏരിയാ സെക്രട്ടറിയായ അബ്ദുള്‍ റഷീദ്. ഡല്‍ഹി ബോഗല്‍ലൈനിലെ ബാങ്കിലുള്ള എസ്.ഡി.പി.ഐ. കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ടില്‍നിന്നാണ് എല്ലാ മാസവും അവസാനത്തെ ആഴ്ചയില്‍ അബ്ദുള്‍റഷീദിന് 13,200 രൂപ വീതം അയച്ചുകൊടുത്തിരുന്നതെന്ന് പോലീസ് പറയുന്നു. പട്ടാമ്പിയിലുള്ള റഷീദിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ലഭിച്ചിരുന്നത്.
ഏപ്രില്‍ 16-നാണ് ശ്രീനിവാസന് കൊല്ലപ്പെടുന്നത്. അന്ന് ബി.ജെ.പി. ഓഫീസിന് മുന്നിലൂടെ കൊലയാളിസംഘത്തിന് വഴിതെളിച്ച് കടന്നുപോയ ചുവന്നകാര്‍ ഓടിച്ചിരുന്നത് അബ്ദുള്‍ റഷീദായിരുന്നു. ഇയാളുടെ അക്കൗണ്ടിലേക്ക് 19-ാം തീയതി 13,200 രൂപ വന്നതായി പോലീസ് കണ്ടെത്തി. അക്കൗണ്ടിലേക്ക് മൂന്ന് വ്യക്തികളും തുക അയച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ 15,000 രൂപയാണ് നല്‍കിയെതന്നും പോലീസ് കണ്ടെത്തി. കൃത്യംനടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ പണമെത്തിയത് കൊലയാളികള്‍ക്ക് സാമ്പത്തികസഹായം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണെന്ന് പോലീസ് വിലയിരുത്തുന്നു. ജില്ലാ ആശുപത്രിക്ക് സമീപത്തുനടന്ന ചര്‍ച്ചയ്ക്കിടെ കൊലപാതകം ആസൂത്രണംചെയ്തതും കൊലയാളികളെ നിശ്ചയിച്ചതും വാഹന-സാമ്പത്തിക സഹായങ്ങള്‍ ഏര്‍പ്പെടുത്തിയതും റഷീദാണെന്ന് പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..