തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾ തുടങ്ങാൻ സർക്കാർ അനുമതി നൽകി. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ആക്ടിലെ വ്യവസ്ഥ പ്രകാരം മറ്റ് സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ കോഴ്സുകൾക്ക് യു.ജി.സിയുടെ ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരം ലഭിക്കാത്തതിനെ തുടർന്നാണ് സർക്കാർ പുതിയ തീരുമാനം കൈക്കൊണ്ടത്.

കേരളത്തിലെ എല്ലാ സർവകലാശാലകളിലും വിദൂര വിദ്യാഭ്യാസ കോഴ്സുകൾ തുടങ്ങാൻ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് അനുമതി നൽകിയത്. വിദൂര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രതിസന്ധിക്ക് ഇതോടെ താത്‌കാലിക പരിഹാരമായി. കാലിക്കറ്റ്, കേരള, എം.ജി., കണ്ണൂർ സർവകലാശാലകൾക്ക് കോഴ്സുകളും ്രൈപവറ്റ് രജിസ്ട്രേഷനും തുടങ്ങാൻ അനുമതി നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

2020 സെപ്തംബർ 25 നാണ് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ആക്ട് നിലവിൽ വന്നത്. ഇതിലെ വ്യവസ്ഥകൾ പ്രകാരം മറ്റ് സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ സാധിച്ചിരുന്നില്ല. എന്നാൽ യു.ജി.സിയുടെ ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരം ഇതുവരെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സുകൾ തുടങ്ങാൻ സാധിക്കാതെ പോയി.

വിദൂര വിദ്യാഭ്യാസത്തെ ആശ്രയിച്ചിരുന്ന രണ്ടു ലക്ഷത്തോളം ആളുകളെയാണ് ഇതേതുടർന്ന് ആശങ്കയിലായത്. തുടർ വിദ്യാഭ്യാസം മുടങ്ങുമോയെന്ന ആശങ്ക നിലനിൽക്കെ ഇക്കാര്യം നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തു. ഇതേതുടർന്ന് ആക്ടിൽ ഭേദഗതി വരുത്താമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു സഭയിൽ ഉറപ്പുനൽകി.

ഇതിന് പിന്നാലെയാണ് കോഴ്സുകൾ തുടങ്ങാനുള്ള അനുമതി ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയത്. നിലവിൽ പ്രൈവറ്റ് രജിസ്ട്രേഷൻ പോലും മുടങ്ങിയ അവസ്ഥയിലായിരുന്നതിനാൽ വിദ്യാർഥികൾക്ക് നേരിയ ആശ്വാസം പകരുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഈ മാസം 31 വരെയാണ് ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയിൽ കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള സമയം