തൃശ്ശൂര്‍: 60 അടി വലിപ്പത്തില്‍ ശ്രീനാരായണഗുരുവിന്റെ ഛായാചിത്രം പൂക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചു. എസ്.എന്‍.ഡി.പി കൊടുങ്ങല്ലൂര്‍ യൂണിയനാണ് ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് ഇത്തരമൊരു ഛായാചിത്രം തയ്യാറാക്കിയത്. ഡാവിഞ്ചി സുരേഷ് ആണ് ഛായാചിത്രം തയ്യാറാക്കിയത്.  കൊടുങ്ങല്ലൂര്‍ കായല്‍ തീരത്തുള്ള കേബീസ് ദര്‍ബാര്‍ കണ്‍വെണ്‍ഷന്‍ സെന്ററിന് മുന്നിലാണ് പൂക്കള്‍ കൊണ്ടുള്ള സൃഷ്ടി.

ഓറഞ്ച് ചെണ്ടുമല്ലി, മഞ്ഞ ചെണ്ടുമല്ലി, മഞ്ഞ ജെമന്തി, വെള്ള ജെമന്തി, ചില്ലിറോസ്, അരളി, ചെത്തിപ്പൂ, വാടാമല്ലി  എന്നീ പൂക്കള്‍ ഉപയോഗിച്ചാണ് ഛായാചിത്രം തയ്യാറാക്കിയത്. ഒരു ടണ്‍ പൂക്കളാണ് ഇതിനായി ഉപയോഗിച്ചത്. എട്ട് മണിക്കൂര്‍ കൊണ്ടാണ് ഛായാചിത്രം പൂര്‍ത്തിയാക്കിയത്.

എസ്. എന്‍.ഡി.പി. യോഗം കൊടുങ്ങല്ലൂര്‍ യൂണിയന്‍ സെക്രട്ടറി പി.കെ.രവീന്ദ്രന്‍ , യോഗം കൗണ്‍സിലര്‍ ബേബി റാം, യൂണിയന്‍ വൈസ് പ്രസിഡന്റ് ജയലക്ഷ്മി ടീച്ചര്‍,ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, യൂണിയന്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.