തിരുവനന്തപുരം: ശ്രീകാര്യം ഫ്‌ളൈ ഓവര്‍ യാഥാര്‍ഥ്യമാകുന്നു. തിരുവനന്തപുരം നഗരത്തിലേക്കുള്ള കവാടമായ ശ്രീകാര്യം കാലങ്ങളായി ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. നഗരത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രികര്‍ക്ക് ഏറെ സമയനഷ്ടം ഉണ്ടാക്കുന്നതാണ് ശ്രീകാര്യത്തെ ഗതാഗതക്കുരുക്ക്. ഇതിനൊരു ശാശ്വതപരിഹാരമായി ഏറെ നാളായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന ഫ്‌ളൈഓവര്‍ യാഥാര്‍ഥ്യത്തിലേക്കു നീങ്ങുന്നു.

നിര്‍ദ്ദിഷ്ട ഫ്‌ളൈഓവറിന് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കലിന് ആവശ്യമായ തുകയുടെ ആദ്യ ഗഡു 35 കോടി രൂപ കേരള ഇന്‍ഫ്രാസ്ട്രചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി), എസ്.പി.വി. ആയ കേരള റാപിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന് (കെ.ആര്‍.ടി.എല്‍.) കൈമാറി.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ കിഫ്ബി ഡി.എം.ഡി വിക്രംജിത്ത് സിങ് ഐ.പി.എസ്, കെ.ആര്‍.ടി.എല്‍. എം.ഡി പി.ഐ ശ്രീവിദ്യ ഐ.എ.എസിന് തുക കൈമാറി. എസ്.പി.വി ഈ തുക തിരുവനന്തപുരം കളക്ടര്‍ നവജ്യോത് സിങ് ഖോസ ഐ.എ.എസിന് കൈമാറും.

tvm

തുടര്‍ന്ന് എറ്റെടുക്കപ്പെടുന്ന സ്ഥലത്തിന്റെ ഉടമകള്‍ക്ക് ഈ പണം വിതരണം ചെയ്യാനുള്ള നടപടികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആരംഭിക്കും. ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാറും കെ.ആര്‍.ടി.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ആനന്ദ് ഇളമണും പങ്കെടുത്തു. സ്ഥലമേറ്റെടുക്കല്‍ പ്രക്രിയക്കൊപ്പം പദ്ധതിയുടെ വിശദമായി സാങ്കേതിക പഠനവും ടെന്‍ഡര്‍ നടപടി ക്രമങ്ങളും പുരോഗമിക്കുകയാണ്.

നാലുവരി ഫ്‌ളൈ ഓവറാണ് പദ്ധതിയുടെ ഭാഗമായി ശ്രീകാര്യത്ത് ഉയരുക. മൊത്തം 7.5 മീറ്ററാണ് ഫ്‌ളൈ ഓവറിന്റെ വീതി (Road width) ഇരുവശങ്ങളിലുമായി 5.5.മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡുകള്‍ ഉണ്ടാകും. 535 മീറ്ററാണ് ഫ്‌ളൈ ഓവറിന്റെ മൊത്തം നീളം. ശ്രീകാര്യം ജങ്ഷന്റെ സമഗ്രവികസനവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

tvm

നിര്‍ദ്ദിഷ്ട ലൈറ്റ് മെട്രോയുടെ സാങ്കേതിക ആവശ്യകതകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഫ്‌ളൈ ഓവര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 135.37 കോടി രൂപയാണ് പദ്ധതിയുടെ ചിലവ് കണക്കാക്കുന്നത്. സ്ഥമേറ്റെടുക്കലിനുള്ള തുകയും ഇതില്‍ ഉള്‍പ്പെടും. 1.34 ഹെക്ടര്‍ ഭൂമി പദ്ധതി ക്കായി ഏറ്റെടുക്കേണ്ടി വരും.

തലസ്ഥാന നഗരത്തിന്റെ മുഖഛായ തന്നെ മാറ്റി വരയ്ക്കുന്ന പ്രധാന വികസന പദ്ധതികളില്‍ ഒന്നാണ് ശ്രീകാര്യം ഫ്‌ളൈഓവര്‍ പദ്ധതി. മറ്റു രണ്ടു പ്രധാന പദ്ധതികളായ പട്ടം, ഉള്ളൂര്‍ ഫ്‌ളൈഓവറുകളുടെ പ്രവര്‍ത്തികളും താമസമില്ലാതെ ആരംഭിക്കും.

content highlights: sreekaryam flyover; kiifb hands over first intallment for land acquisition