കോഴിക്കോട്‌: ചോര്‍ച്ചയില്‍ എന്നും നനഞ്ഞുപോവുമായിരുന്ന പുസ്തകങ്ങളായിരുന്നു ശ്രീധന്യയുടെ കൂട്ട്. ചാക്കില്‍ കെട്ടിവെച്ച പുസ്തകങ്ങളേയും വകഞ്ഞു മാറ്റി നാലു പാടും ചോരുന്ന വീട്ടിന്റെ മൂലയിലേക്കെല്ലാം പ്രളയജലമെത്തിയിട്ട് പോലും ഒട്ടുമേ പിന്നോട്ട് പോവാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം. വയനാട് അമ്പലക്കൊല്ലിയിലെ  ആദിവാസി കോളനിയില്‍ നിന്ന് ശ്രീധന്യ സുരേഷ് എന്ന അഭിമാന താരം കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ കസേരയിലേക്ക് വരുമ്പോള്‍ വലിയൊരു ചരിത്രനിമിഷത്തിന് കൂടിയാണ് സാക്ഷിയാവാനിരിക്കുന്നത്. 

വിശപ്പിനേയും ജീവിതത്തേയും മറന്ന് മക്കളുടെ പഠനത്തിന് വേണ്ടി മുണ്ടുമുറുക്കിയുടുത്ത് രാവിലെ മുതല്‍ മണ്ണിനോട് പോരാടിയ അമ്പലക്കൊല്ലി കോളനയിലെ സുരേഷിന്റേയും കമലയുടേയും പിന്തുണയുടെയും പ്രാര്‍ഥനയുടേയും ഫലം. പണമല്ല ശോഭനമായ ഭാവി സ്വപ്‌നം കണ്ട് ലക്ഷ്യത്തിന് വേണ്ടി പോരാടിയാല്‍ ആരും കൈവിടില്ലെന്ന രക്ഷിതാക്കളുടെ വിശ്വാസത്തിന്റെ ഫലം. 

തൊഴിലുറപ്പിന് പോയി നൂറ് രൂപ കിട്ടിയാല്‍ തൊണ്ണൂറ് രൂപ തന്റെ പഠനത്തിനും പത്ത് രൂപ ജീവിതത്തിനും വേണ്ടി മാറ്റി വെച്ച രക്ഷിതാക്കളാണ് തന്റെ നട്ടെല്ലെന്ന് പറയുന്നു ശ്രീധന്യ. പതിനെട്ട് വയസ്സാണ് പെണ്‍കുട്ടികളുടെ സ്വപ്‌നത്തിന്റെ പരിധിയെന്ന് നിശ്ചയിക്കുന്ന കാലത്തില്‍നിന്ന് നമ്മള്‍ മാറണം. പകരം ലക്ഷ്യം കൈവരിക്കുംവരെ സ്വപ്‌നങ്ങളെ നിശ്ചയിക്കാനുള്ള ധൈര്യമുണ്ടാവണം. ഈ ധൈര്യമാണ് തനിക്ക് രക്ഷിതാക്കളില്‍നിന്ന്  കിട്ടിയ ഏറ്റവും വലിയ പിന്തുണയെന്നും ശ്രീധന്യ പറയുന്നു.

വീടിന്റെ മാതൃക പോലെയൊന്ന് പണിതിട്ട് പതിനേഴ് വര്‍ഷമായെങ്കിലും സിമന്റിടാന്‍ പോലും കഴിഞ്ഞിരുന്നില്ല. പാളിയില്ലാത്ത ജനലുകളെ സാരിത്തുമ്പ് കൊണ്ട് മറച്ച് സുരക്ഷയൊരുക്കി രക്ഷിതാക്കള്‍ ശ്രീധന്യയെ പഠിക്കാന്‍ പ്രേരിപ്പിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയ്‌ക്കെന്നല്ല ഒരു പരീക്ഷയ്ക്കും ഇരുന്നു പഠിക്കാനുള്ള സൗകര്യവും സാഹചര്യവും  അമ്പലക്കൊല്ലി കോളനിയിലെ ഈ മൂന്ന് മുറി വീട്ടിലുണ്ടായിരുന്നില്ല. എന്നിട്ടും ശ്രീധന്യ പഠിച്ച് സിവില്‍ സര്‍വീസ് ജയിച്ച് അസിസ്റ്റന്‍ഡ് കളക്ടര്‍ സ്ഥാനത്തേക്ക് വരുമ്പോള്‍ ശ്രീധന്യയ്‌ക്കൊപ്പം ഒരമ്മയും അച്ഛനും കൂടി വാഴ്ത്തപ്പെടുകയാണ്.  

ബിരുദാനന്തര ബിരുദം നേടിയ ശ്രീധന്യ ട്രൈബല്‍ ഡിപ്പാര്‍മെന്റില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ താത്ക്കാലിക ജോലി ചെയ്തുവരികയായിരുന്നു. അതിനിടെ 2016-ല്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുമ്പോള്‍  തനിക്കുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വീസ് എന്ന സ്വപ്നമായത് എന്ന് ശ്രീധന്യ പറഞ്ഞിരുന്നു. അന്ന് വയനാട് സബ് കളക്ടറായിരുന്ന സാംബശിവയ്ക്ക്‌ ഒരു പരിപാടിക്കിടെ ലഭിച്ച സ്വീകരണങ്ങളും പ്രതികരണങ്ങളുമായിരുന്നു അത്. ഇതേ സാംബശിവ കോഴിക്കോട് കളക്ടറായിരിക്കുമ്പോഴാണ്  അസിസ്റ്റന്റ്  കളക്ടറായി ശ്രീധന്യയും കോഴിക്കെട്ടെത്തുന്നത്. മസൂറിയിലെ പരിശീലനത്തിന് ശേഷമുള്ള ക്വാറന്റൈന്‍ കാലത്തിന് ശേഷമായിരിക്കും ശ്രീധന്യ കോഴിക്കോട്ടെത്തുക.

സിവില്‍ സര്‍വീസ് എന്ന  കടമ്പയെ പ്രാരാബ്ധങ്ങളില്‍ കൂട്ടിക്കെട്ടാതെ നിശ്ചയദാര്‍ഢ്യം കൊണ്ട് കീഴടക്കിയ ശ്രീധന്യയുടെ വിജയം കേരളത്തിന് ആഘോഷമായിരുന്നു. വയനാട് എം.പി രാഹുല്‍ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും കേരള ഗവര്‍ണറുമെല്ലാം നേരിട്ട് കണ്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു. തന്റെ സ്വപ്‌നത്തിന് നിറച്ചാര്‍ത്ത് നല്‍കിയ സാംബശിവയ്ക്ക് കീഴില്‍ സര്‍വീസ് ഏറ്റെടുക്കുന്നതിന്റെ ഇരട്ടി മധുരത്തിലാണ് ശ്രീധന്യയിപ്പോള്‍.

Content Highlights:Sreedhanya Suresh Appointed As Kozhikode Assistant Collector