തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ക്ഷേത്ര ഭരണസമിതി സുപ്രീംകോടതിയെ അറിയിച്ചു. ക്ഷേത്രത്തിന്റെ ദൈനംദിന ചെലവുകൾക്ക് പണം നൽകേണ്ട ട്രസ്റ്റിന്റെ കഴിഞ്ഞ 25 വർഷത്തെ വരവുചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്നും ഭരണസമിതി കോടതിയോട് ആവശ്യപ്പെട്ടു. ഓഡിറ്റിൽനിന്ന് ഒഴിവാക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യം വിധിപറയാനായി കോടതി മാറ്റി.

കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പദ്മനാഭ സ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ക്ഷേത്ര ഭരണസമിതി സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  ക്ഷേത്രത്തിന്റെ പ്രതിമാസ ചെലവ് ഒരു കോടി ഇരുപത് ലക്ഷം രൂപയാണ്. എന്നാൽ വരവ് അറുപത് ലക്ഷത്തിനും എഴുപത് ലക്ഷത്തിനും ഇടയിൽ ആണെന്ന് ഭരണസമിതി വ്യക്തമാക്കി.

ക്ഷേത്രത്തിന്റെ ചെലവുകൾക്ക് പണം കണ്ടെത്താനായി രൂപീകരിച്ച പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തെയും ഭരണസമിതി എതിർത്തു. വിനോദ് റായ് സമിതി നടത്തിയ ഓഡിറ്റിങ്ങിൽ ട്രസ്റ്റിന്റെ കൈയിൽ പണമായി 2.87 കോടി രൂപയും, 1.95 കോടിയുടെ ആസ്തിയും ഉള്ളതായി കണ്ടെത്തിയിരുന്നു. 2008 മുതൽ 14 വരെയുള്ള കണക്കുകളാണ് വിനോദ് റായ് സമിതി ഓഡിറ്റ് ചെയ്തിരുന്നത് എന്നും ഭരണസമിതിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഇരുപത്തി അഞ്ച് വർഷത്തെയും കണക്കുകൾ ഓഡിറ്റ് ചെയ്താൽ മാത്രമേ ട്രസ്റ്റിന്റെ പണവും ആസ്തിയും അറിയാൻ കഴിയുകയുള്ളു എന്നും ഭരണസമിതിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

1965 ൽ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയാണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. തിരുവിതാംകൂർ രാജകുടുംബം ക്ഷേത്രത്തിൽ നടത്തുന്ന മതപരമായ ആചാരങ്ങൾക്കുവേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ തങ്ങൾ ഇടപെടാറില്ല. കോടതിക്ക് ആവശ്യമെങ്കിൽ ട്രസ്റ്റിന്റെ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ നിർദേശിക്കാം എന്ന് ട്രസ്റ്റ് വ്യക്തമാക്കി. എന്നാൽ തങ്ങളെ ഭരണസമിതിയുടെ നിയന്ത്രണത്തിലാക്കരുതെന്ന് ട്രസ്റ്റ്  കോടതിയോട്  ആവശ്യപ്പെട്ടു.

വിനോദ് റായ് സമിതിയുടെയും അമിക്കസ് ക്യുറി ഗോപാൽ സുബ്രമണ്യത്തിന്റെയും റിപ്പോർട്ടുകളോട് ചില എതിർപ്പുകൾ ഉയർന്നതിനാലാണ് ഓഡിറ്റിന് നിർദേശം നൽകിയതെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ ഉത്തരവ് കൃത്യമായി പാലിക്കപെടുന്നു എന്ന് ഉറപ്പാക്കാനാണ് ഭരണസമിതിയോട് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ നേരത്തെ നിർദേശിച്ചിരുന്നതെന്നും കോടതി പറഞ്ഞു.

പദ്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കുവേണ്ടി സീനിയർ അഭിഭാഷകൻ ആർ ബസന്തും ട്രസ്റ്റിന് വേണ്ടി സീനിയർ അഭിഭാഷകൻ അരവിന്ദ് ദത്താറും അഭിഭാഷകൻ ശ്യാം മോഹനും സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോൺസൽ ജി പ്രകാശുമാണ് കോടതിയിൽ ഹാജരായത്. 

പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള ശ്രീ വൈകുണ്ഡം, അനന്തശയനം, ഭജനപുര, മഹാലക്ഷ്മി, സുദർശൻ എന്നീ മണ്ഡപങ്ങളും  ചിത്രാലയം ആർട്ട് ഗാലറി, കുതിര മാളിക എന്നിവയും പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്.

Content Highlights: Sree Padmanabhaswamy temple faces financial crunch