ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധിപറയും. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പ്രതിനിധികള്‍ നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ച് വിധിപറയുക.
കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി, 2011 മുതല്‍ ഒട്ടേറെ ഇടക്കാല ഉത്തരവുകള്‍ ഇറക്കിയിരുന്നു. അന്നു മുതല്‍ നൂറോളം ദിവസങ്ങളില്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്കെത്തിയിരുന്നു.
ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് ശാശ്വത പരിഹാരം നിയമനിര്‍മാണമാണെന്നും ഗുരുവായൂര്‍ മാതൃകയില്‍ ബോര്‍ഡിന് രൂപം നല്‍കണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. ക്ഷേത്രഭരണത്തിന് രാജകുടുംബാംഗം, ക്ഷേത്ര തന്ത്രി, എക്‌സിക്യുട്ടീവ് ഓഫീസര്‍ എന്നിവരും സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന അഞ്ചുപേരുമടങ്ങുന്ന സമിതി വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ചെയര്‍മാനെ സമിതിയംഗങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.
ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും സുപ്രീംകോടതിക്ക് മുമ്പാകെയുണ്ട്. ബി നിലവറ തുറക്കാത്തത് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്ളതുകൊണ്ടാണെന്നാണ് രാജകുടുംബം വാദിച്ചത്. നേരത്തേ ഒമ്പതു തവണ നിലവറ തുറന്നിട്ടുണ്ടെന്ന് മുന്‍ സി.എ.ജി. വിനോദ് റായിയുടെ റിപ്പോര്‍ട്ടിലുണ്ടെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്‌മണ്യം അറിയിച്ചിരുന്നു. തുടര്‍ന്ന്, ക്ഷേത്രത്തിന്റെ വരവുചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറെ നിയമിക്കാനും കോടതി ഉത്തരവിടുകയുണ്ടായി.
Content Highlights: Sree Padmanabha Swamy temple case: supreme court verdict on july 13