ചെന്നൈ: സ്പ്രിങ്ക്‌ളര്‍ കരാറിനെക്കുറിച്ച് അന്വേഷിക്കാന്‍ കേരള സര്‍ക്കാര്‍ പുതിയ കമ്മിറ്റിയെ നിയോഗിച്ചതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് ഈ ഇടപാടിനെക്കുറിച്ച് നേരത്തെ അന്വേഷിച്ച കമ്മീഷന്‍ ചെയര്‍മാന്‍ എം മാധവന്‍ നമ്പ്യാര്‍ പറഞ്ഞു. '' സര്‍ക്കാര്‍ നടപടിയെക്കുറിച്ച് ഒന്നും പറയാനില്ല. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഇനിയിപ്പോള്‍ പുതിയ സമിതി ഇതേ കാര്യങ്ങള്‍ വീണ്ടും അന്വേഷിക്കുകയാണെങ്കില്‍ അങ്ങിനെയാവട്ടെ. ഞങ്ങള്‍ക്ക് ഇതില്‍ ഒരു അഭിപ്രായവുമില്ല. ഞങ്ങള്‍ക്ക് ആരുടെ സാക്ഷ്യപത്രവും ആവശ്യമില്ല. '' മാതൃഭൂമി ഡോട്ട്കോമിനോട് ടെലിഫോാണില്‍ സംസാരിക്കുകയായിരുന്നു മാധവന്‍ നമ്പ്യാര്‍.
റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ നിശിത വിമര്‍ശമുള്ളതുകൊണ്ടാണോ പുതിയ അന്വേഷണ സമിതിയെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ മാധവന്‍ നമ്പ്യാര്‍ വിസമ്മതിച്ചു. '' റിപ്പോര്‍ട്ട് പുറത്തു വിടേണ്ടത് സര്‍ക്കാരാണ്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ജനങ്ങള്‍ അറിയണമോ എന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനമാണ് അന്തിമം. '' പുതിയ അന്വേഷണ സമിതിയെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പഴയ അന്വേഷണ റിപ്പോര്‍ട്ട് നിരാകരിക്കുന്നതിനു തുല്ല്യമല്ലേ എന്ന ചോദ്യത്തിനും മാധവന്‍ നമ്പ്യാര്‍ മറുപടി പറഞ്ഞില്ല. '' ഞങ്ങളെ ഏല്‍പിച്ച ജോലി ഞങ്ങള്‍ പൂര്‍ത്തിയാക്കി. ഇതില്‍ ഇനിയിപ്പോള്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല. ''
റിപ്പോര്‍ട്ട് കൈമാറിയ ശേഷം മുഖ്യമന്ത്രിയുമായി അരമണിക്കൂറോളം സംസാരിച്ചിരുന്നെന്നും അദ്ദേഹം വളരെ സന്തോഷത്തോടെയാണ് പ്രതികരിച്ചതെന്നും മാധവന്‍ നമ്പ്യാര്‍ പറഞ്ഞു. അതിനു ശേഷം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ലെന്നും മാധവന്‍ നമ്പ്യാര്‍ വ്യക്തമാക്കി. ജനങ്ങള്‍ സ്പ്രിങ്ക്ളര്‍ ഇടപാടും അന്വേഷണ റിപ്പോര്‍ട്ടും മറന്നു തുടങ്ങിയിരിക്കെ ഇക്കാര്യത്തില്‍ പുതിയൊരു അന്വേഷണ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. മാധവന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പാടെ തള്ളിക്കളയാനാണോ പുതിയൊരു കമ്മീഷന്‍ എന്ന സംശയമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്. മാധവന്‍ നമ്പ്യാര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാകുമെന്ന പേടിയും പുതിയ നീക്കത്തിന് പിന്നിലുണ്ടെന്ന് നിരീക്ഷണമുണ്ട്.
കേരള സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടപ്പാക്കുന്ന സര്‍വ്വെ ( കിരണ്‍ - കേരള ഇന്‍ഫര്‍മേഷന്‍ ഒഫ് റെസിഡന്റ്സ് - ആരോഗ്യം നെറ്റ്വര്‍ക്ക് ) നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങിയ അതേ പദ്ധതിയാണെന്ന ആരോപണം അടുത്തിടെ ഉയര്‍ന്നിരുന്നു. കേരള ജനതയുടെ ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് കൈമാറുന്നുവെന്ന സിപിഎമ്മിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി വേണ്ടെന്നുവെച്ചത്. സ്പ്രിങ്ക്ളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കിരണ്‍ പദ്ധതിയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. പത്ത് ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങളാണ് ഈ സര്‍വ്വെയിലൂടെ കേരള സര്‍ക്കാര്‍ ശേഖരിക്കുന്നത്. കിരണ്‍ പദ്ധതി നടപ്പാക്കാന്‍ മുന്‍കൈയ്യെടുത്ത മുന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനെയാണ് ആദ്യം കമ്മീഷനില്‍ രണ്ടാമത്തെ അംഗമായി സര്‍ക്കാര്‍ നിയോഗിച്ചത്. രാജീവിനെ പിന്നീട് കോവിഡ് 19 വിഷയത്തില്‍ സര്‍ക്കാരിന്റെ ഉപദേഷ്ടാവാക്കിയതോടെയാണ് ഗുല്‍ഷന്‍ റായ് കമ്മീഷനിലേക്കെത്തിയത്.
ആറു മാസത്തോളം എടുത്താണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്പ്രിങ്കളറുമായുള്ള ഇടപാടിന് പണം കൊടുക്കേണ്ടി വന്നിട്ടില്ലെന്നും തീര്‍ത്തും സൗജന്യ സേവനമായിരുന്നു അതെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ സംഗതി വിവാദമായതിനെത്തുടര്‍ന്ന് നിയമിച്ച അന്വേഷണക്കമ്മീഷനും ഈ ഇടപാടുമായി ബന്ധപ്പെട്ടുള്ള കേസ് നടത്തിപ്പിനും മറ്റുമായി ലക്ഷങ്ങള്‍ സര്‍ക്കാരിന് ഇതിനകം ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. അതിനു പിന്നിലെയാണ് ഇതേ കാര്യത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ പുതിയ കമ്മീഷനെ നിയമിച്ചിരിക്കുന്നത്.
Content Highlights: Sprinklr investigation team Madhavan Nambiar